തിരുവനന്തപുരം: എസ്.എൻ.ഡി.പിയെ വെള്ളാപ്പളളി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടു പോകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും.
കെ.എസ്.കെ.ടി.യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എം.വി. ഗോവിന്ദന്റെ പരാമർശം. വെള്ളാപ്പള്ളിയുടെ ഭാര്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി സംഘടനാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ഈഴവ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ട് ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയ്ക്ക് ലഭിച്ചു. ഇത് പാർട്ടി ഗൗരവമായി കാണുകയും എസ്.എൻ.ഡി.പി വിഭാഗത്തെ കാവി കൊടിക്കീഴിൽ കെട്ടാനുള്ള ശ്രമത്തിനെതിരെ പാർട്ടി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. തൃശൂരിൽ സി.പി.എം വോട്ടുകളും ബി.ജെ.പിക്ക് പോയി. എന്നാൽ, കോൺഗ്രസ് ചെലവിലാണ് അവിടെ ബി.ജെ.പി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മറുപടിയായി, ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. നഗ്‌നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്‌സഭ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്. എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കൾ ഉൾപ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി ഗോവിന്ദൻ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

