ചിറ്റാർ – പഞ്ചായത്തിലെ രണ്ടാം വാർഡിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയതോടെ വോട്ടേഴ്‌സ് ലിസ്റ്റിൽ വെട്ടും മറുവെട്ടുമായി രാഷ്ട്രീയ പാർട്ടികൾ സജീവം. വോട്ട് വേണമെങ്കിൽ നെട്ടോട്ടമോടേണ്ട ഗതികേടിലായി വോട്ടർമാരും.
വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് കൂട്ടത്തോടെ ആളുകളെ ഒഴിവാക്കുന്നതായിട്ടാണ് പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അഞ്ഞൂറോളം പേരുടെ ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചത്. ഇതിലേറിയ പങ്കും പഞ്ചായത്തിലെ രണ്ടാം വാർഡിലെ വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. യു.ഡി.എഫും, എൽ.ഡി.എഫും, എൻ.ഡി.എയും മത്സരിച്ചാണ് പഞ്ചായത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സെക്രട്ടറി നിർദ്ദേശിക്കുന്ന തീയതിയിൽ പഞ്ചായത്തിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യുമെന്ന് ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുള്ളത്.
രണ്ടാം വാർഡ് മെമ്പർ ആയിരുന്ന കോൺഗ്രസിലെ സജി കുളത്തുങ്കൽ കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് തുടക്കത്തിൽ പ്രസിഡന്റ് ആയി. യുഡിഎഫിന്റെ പരാതിയെ തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. മൂന്നര വർഷം നീണ്ടുനിന്ന നിയമ യുദ്ധത്തിന് ശേഷമാണ് ഹൈക്കോടതി വിധിയെ തുടർന്ന് സജിയെ അയോഗ്യൻ ആക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചത്. ഇതോടെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ഒരാഴ്ച മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ. ബഷീർ പ്രസിഡന്റ് ആയി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസിനും സി.പി.എമ്മിനും അഞ്ച് അംഗങ്ങളും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ഭരണം നേടും. യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള വാർഡാണ്. ഇരുമുന്നണികൾക്കും തിരഞ്ഞെടുപ്പ് വിജയം അഭിമാന പ്രശ്‌നമാണ്. അതിനാലാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ആളുകളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
ഭരണ സ്വാധീനം ഉപയോഗിച്ച് ആളുകളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനെതിരെ കഴിഞ്ഞദിവസം ബിജെപിയും പ്രതിഷേധമുയർത്തിയിരുന്നു. പ്രവാസി വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രവാസി സംഘടനകളും ശക്തമായ രംഗത്ത് വന്നിട്ടുണ്ട്. ബന്ധുക്കളെ സന്ദർശിക്കാനായി വിസിറ്റ് വിസയിൽ വിദേശത്തേക്ക് പോയിരിക്കുന്നവരെ പോലും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് രാഷ്ര്ടീയപാർട്ടികളുടെ ആക്ഷേപം കാരണം പുറത്താക്കുന്ന നടപടിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യു.എ.ഇയിലെ പ്രവാസി സംഘടനയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ.


