ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനം സുസ്ഥിര വികസന പാതയിലെ വിടവുകൾ നികത്തുന്നതിനായുള്ളത് : മന്ത്രി വീണാ ജോർജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്കും സുസ്ഥിര വികസനത്തിനുമായുള്ള പാതയിലെ വിടവുകൾ നികത്തുന്ന പ്രവർത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ വകുപ്പും നടപ്പാക്കി വരുത്തതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂനപക്ഷ കമ്മിഷൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം തൊഴിൽ ലഭിക്കുകയെന്നതും പ്രധാനമാണ്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള വലിയ പ്രവർത്തനമാണ് ന്യൂനപക്ഷ കമ്മിഷൻ നടത്തി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ, വൈജ്ഞാനികമായ, തൊഴിൽപരമായ, സമൂഹികമായ സമഗ്രവികസനമാണ് സർക്കാരും ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി എല്ലാവരുടേയും ഒന്നിച്ചുള്ള പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കേരള ജനസംഖ്യയുടെ 46 ശതമാനത്തോളം വരുന്ന വിവിധ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ. റഷീദ് പറഞ്ഞു. കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതിനായുള്ള വിപുലമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെമിനാർ സംഘടിപ്പിച്ചു വരുന്നത്. ഇതിലൂടെ കമ്മിഷന് ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കാനും അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷൻ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീൻ ഹാജി, സെമിനാർ സംഘാടകസമിതി ചെയർമാൻ ഫാ.ജിജി തോമസ്, ജനറൽ കൺവിനർ എം.എച്ച് ഷാജി, വൈസ് ചെയർമാൻമാരായ അലങ്കാർ അഷറഫ്, ബന്തേ കശ്യപ്, കൺവീനർ റെയ്ന ജോർജ്, പ്രൊഫ. തോമസ് ഡാനിയൽ, കമ്മിഷൻ മെമ്പർ സെക്രട്ടറി എച്ച് നിസാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ 11-ാമത് ജില്ലാതല സെമിനാറാണ് പത്തനംതിട്ടയിൽ നടന്നത്.
കമ്മിഷൻ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീൻ ഹാജി, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ ടി.എസ്. നിധീഷ്‌ എന്നിവർ വിഷായവതരണം നടത്തി. ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾ, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികൾ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകൾ, ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറിൽ നടന്നു. വിവിധ മതമേലധ്യക്ഷന്മാർ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *