മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലേക്കും തിരികെ പള്ളിയിലേക്കും ഒക്കെ കൊണ്ടു പോയത് വെള്ളക്കെട്ടിലൂടെ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – വെള്ളം കയറി മുങ്ങിയ റോഡിലുടെ സഞ്ചരിക്കാൻ കഴിയാതെ വന്നപ്പോൾ താൽക്കാലിക പാലമുണ്ടാക്കി. നിർത്താതെ പെയ്ത മഴയിൽ ആ പാലം കൂടി മുങ്ങിയതോടെ മരണം നടന്ന വീട്ടുകാർക്ക് വലിയ ദുരിതം. മോർച്ചറിയിൽ നിന്ന് വീട്ടിലേക്കും സംസ്‌കാര ശുശ്രൂഷകൾ പൂർത്തിയാക്കി വീട്ടിൽ നിന്ന് പള്ളിയിലേക്ക് മൃതദേഹം വെള്ളക്കെട്ടിലൂടെ ചുമന്നു കൊണ്ടു പോകേണ്ടി വന്നു.

വേങ്ങൽ പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവുമാണ് വെള്ളത്തിൽ മുങ്ങിയത്. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസി (80)ന്റെ മൃതദേഹമാണ് വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്‌കാര ചടങ്ങിനായി കരയ്ക്ക് എത്തിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മദ്ധ്യത്തിലെ തുരുത്തിൽ മകനും കുടുംബത്തോടും ഒപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിന് അടിയിലായി.

ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമ്മിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിലായി. അന്ത്യ ശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെന്റ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയിലെ സംസ്‌കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു. അഞ്ചു കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്.

വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന പ്രായാധിക്യം ഏറിയവരെ കസേരയിൽ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു. റോഡ് ഉയർത്തി നിർമ്മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നതാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *