പത്തനംതിട്ട: റേഷൻകടകളിലൂടെ കൂട്ടിയിരുന്ന മണ്ണെണ്ണ വിതരണം പൂർണ്ണമായും നിലച്ചു. കേന്ദ്ര ഗവൺമെൻറ് മണ്ണെണ്ണയുടെ വിഹിതം കുത്തനെ
കുറച്ചതും വർദ്ധിച്ച ചരക്ക് കൂലിയും, ലൈസൻസ് ഫീസും ഒക്കെ കണക്കിലെടുത്ത് റേഷൻ വ്യാപാരി സംഘടനകൾ സംയുക്തമായാണ് മണ്ണെണ്ണ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. മൊത്ത വ്യാപാരികളും മണ്ണെണ്ണ എടുക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. റേഷൻ സംവിധാനം തുടങ്ങിയ കാലം മുതൽ എല്ലാ കാർഡുകൾക്കും മണ്ണെണ്ണ ഉണ്ടായിരുന്നത് ബിപിഎൽകാർക്ക് മാത്രമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
എല്ലാ മാസവും അലോട്ട്മെൻറിൽ കുറവ് വരുത്തിയതോടെ പിങ്ക് കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ അര ലിറ്ററും മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത കാർഡുകാർക്ക് ആറുലിറ്റർ മണ്ണെണ്ണ വീതമാണ് ഇതുവരെ നൽകിയിരുന്നത്. ഇതിൻറെ 70 ശതമാനം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. ആയതിനാലാണ് വ്യാപാരി സംഘടനകൾ മണ്ണെണ്ണ എടുക്കണ്ട എന്ന തീരുമാനത്തിൽ എത്തിയത്. റേഷൻ കടകളിൽ മണ്ണെണ്ണ എടുക്കുമ്പോൾ അതാത് താലൂക്കുകളിൽനിന്ന് ലഭിക്കുന്നില്ല.
ഇതര താലൂക്കുകളിൽ എത്തി ഭീമമായ വണ്ടിക്കൂലി നൽകി മണ്ണെണ്ണ എടുത്ത് റേഷൻ കടകളിൽ കൊണ്ടുപോയി വിതരണം ചെയ്യുമ്പോൾ എല്ലാ കാർഡുടമകൾക്കും വിതരണം ചെയ്യാനാകാത്ത സ്ഥിതി ഉണ്ടാകുകയും ഇതു കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിൽ തർക്കത്തിന് ഇടയാക്കുമെന്നതിനാലാണ് മണ്ണെണ്ണ എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺസൻ വിളവിനാൽ പറഞ്ഞു.


