പത്തനംതിട്ട: മദ്യപാനിയായ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജി സുജയെ മര്‍ദിച്ച കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
പത്തനംതിട്ടയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സജി മദ്യപിച്ച ശേഷമാണ് സുജയെ ക്രൂരമായി മര്‍ദ്ദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായത് അടക്കം ഗുരുതരമായി പരുക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സജിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു സുജ. ഇന്ന് പുലര്‍ച്ചെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായ സജി മദ്യപിച്ച ശേഷം സുജയെ മര്‍ദിക്കുകയും സമീപവാസികളുമായി പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നത് പതിവാണ്. മക്കള്‍: സൗമ്യ, സ്വപ്‌ന.
What do you feel about this post?
Like
Love
Happy
Haha
Sad

