പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് (25) അവധി ; നാളെയും (26) ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് (25) അവധി. പോളിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാലാണ് ഇന്ന് (25) തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസമായ നാളെയും (26) ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

സുരക്ഷാ സന്നാഹങ്ങള്‍ സജീകരിച്ച് പോലീസ് സേന

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവും ഭയരഹിതവുമായ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 11 ഡിവൈഎസ്പിമാര്‍, 30 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 230 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1253 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സുരക്ഷാ ഉറപ്പാക്കുന്നത്. തമിഴ്നാട് പോലീസില്‍ നിന്നുള്ള 80 ഉദ്യോഗസ്ഥരും സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സിലെ 24 ഉദ്യോഗസ്ഥരെയും എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, സ്‌പെഷ്യല്‍ പോലീസ് ഫോഴ്സ്, ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലെ ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകള്‍ക്കും സ്ട്രോംഗ് റൂമുകള്‍ക്കും കാവല്‍ നില്‍ക്കുന്നതിനും സിആര്‍പിഎഫിനേയും ഉപയോഗിക്കുന്നുണ്ട്.

എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളിലും വള്‍ണറബിള്‍ ബൂത്തുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പ് കഴിയും വരെ ജാഗ്രത പാലിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം പെട്രോള്‍ സംഘങ്ങളുണ്ടാവും. ജില്ലാ പോലീസ് മേധാവിയുടെ പെട്രോള്‍ സംഘവും തെരഞ്ഞെടുപ്പ് ജോലികളിലുണ്ടാവും. വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രത്തില്‍നിന്നും ബൂത്തുകളിലേക്കും, തിരിച്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിനും ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *