ഇടുക്കി ( കമ്പം ) – മുല്ലപ്പെരിയാർ അണക്കെട്ടിന്മേൽ തമിഴ്നാടിന്റെ അവകാശം നേടിയെടുക്കുമെന്ന് സ്ഥാനാർത്ഥികൾ വാഗ്ദാനം ചെയ്യാത്തതിൽ പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകൾക്ക് കുടിവെള്ളവും ജലസേചന സൗകര്യവും ലഭിക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നാണ്.
അണക്കെട്ട് പൊളിച്ച് പുതിയത് പണിയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ, തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ 5 മണ്ഡലങ്ങളിലെ ലോക്സഭാ സ്ഥാനാർത്ഥികൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റ അവകാശം ലഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ എസ്.അൻവർ ബാലശിങ്കം പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള 2014ലെ സുപ്രീം കോടതി വിധി നടപ്പാക്കണം. കുരങ്ങണി മുതൽ ടോപ് സ്റ്റേഷൻ വരെ ദേവാരം ചക്കലൂത്ത് മേടുവരെയുള്ള മലയോരപാത നിർമിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകണമെന്നുമുൾപ്പെടെ 23 ആവശ്യങ്ങൾ എല്ലാ സ്ഥാനാർഥികൾക്കും നൽകിയിട്ടുണ്ടെന്നും ബാലശിങ്കം പറഞ്ഞു. ഇടുക്കിയിൽ സ്ഥാനാർത്ഥിയാകും എന്നുള്ള വാർത്തക്ക് സ്ഥിരീകരണമൊന്നും അദ്ദേഹം നൽകിയില്ല.


