കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ ; സമഗ്ര അന്വേഷണത്തിനായി ജില്ലാ കലക്ടർക്ക് പരാതി നൽകി 12 വില്ലേജ് ഓഫീസർമാർ

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍ – കടമ്പനാട് വില്ലേജ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധുവും ആരോപിച്ചു. കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജ്(47) ആണ് വീടുനുള്ളിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഫാനില്‍ തൂങ്ങി മരിച്ചത്. അമിത ജോലിഭാരവും മാനസികസമ്മര്‍ദ്ദവും രാഷ്ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്.

മനോജിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകണമെന്നും കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം 12,14 മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും അനാവശ്യവും നിയമാനുസൃതമല്ലാത്തതുമായ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കാനുള്ള ഉചിതമായ നടപടികള്‍ വകുപ്പ് അധികാരികള്‍ സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസര്‍മാര്‍ പറയുന്നു. പെരിങ്ങനാട്, പള്ളിക്കല്‍,ഏഴംകുളം, അടൂര്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, ഏറത്ത്, കൊടുമണ്‍, അങ്ങാടിക്കല്‍, കുരമ്പാല, പന്തളം, ഏനാദിമംഗലം എന്നീ വില്ലേജുകളിലെ ഓഫീസര്‍മാരാണ് പരാതി നല്‍കിയത്.

വില്ലേജ് ഓഫീസര്‍ മനോജിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. മനോജിന്റെ കുടുംബവും സഹപ്രവര്‍ത്തകരായ വില്ലേജ് ഓഫീസര്‍മാരും പോലീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും അധികൃതര്‍ ഒരു ഗൗരവവും കാണിക്കുന്നില്ല. വില്ലേജില്‍ മണ്ണ് ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മനോജിനെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. അടൂരില്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന മണ്ണെടുപ്പു സംഘവും മണ്ണ് ലോബിയുമാണ് ഈ ദുരൂഹമായ മരണത്തിന് പിന്നില്‍ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്.

പോലീസും റവന്യൂ ഉദ്യോഗസ്ഥന്മാരും സിപിഎം നേതാക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളെ പോലെ അനധികൃത മണ്ണെടുപ്പിന് കൂട്ടുനില്‍ക്കുകയാണ്. പള്ളിക്കല്‍, കടമ്പനാട് പഞ്ചായത്തുകളിലെ നിരവധി മലകള്‍ ഇടിച്ചുനിരത്തി. സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്ക് എന്ന വ്യാജേന െപോലീസ് കാവല്‍ നിന്നാണ് ഇത്തരം മണ്ണു ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ഒരു വശത്ത് ഗുണ്ടകളും മറുവശത്ത് പോലീസും ഉപദ്രവിക്കുകയാണ്. ഒരു സാധാരണക്കാരന്‍ വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ സെന്റിലെ മണ്ണ് ഇളക്കിയിട്ടാല്‍ പോലും പോലീസും റവന്യു ഉദ്യോഗസ്ഥന്മാരും എത്തി അവരെ ഭീഷണിപ്പെടുത്തുന്നത് നിത്യ സംഭവമാണ്. ജിയോളജിയിലെ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു.

കടമ്പനാട് വില്ലേജില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തെ സി.പി.എം നേതാക്കള്‍ ഓഫീസര്‍ മനോജുമായി ഏറ്റുമുട്ടിയെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സംശയമുണ്ട്. ഒരു വില്ലേജ് ഓഫീസര്‍ക്ക് പോലും സ്വന്തം നാട്ടില്‍ ജോലിചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടിലുള്ളത്. പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടങ്ങേണ്ടിവരുമെന്നും പഴകുളം മധു മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *