തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമ്പോൾ തൃശൂരിൽ നടുക്കടലിലായത് പ്രതാപൻ. തൃശൂരിലെ കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാൻ ഗുരുവായൂരപ്പൻ മാത്രമാണിനി രക്ഷ എന്ന് തിരിച്ചറിയുന്നു. തൃശൂരും മാളയും ഒക്കെയായിരുന്നു കരുണാകരനെ ലീഡറാക്കാൻ കൂടെ നിന്നത് . മകൾ പത്മജയും ചുവടുറപ്പിച്ചത് തൃശൂരിലാണ്. ബിജെപി ലോക്സഭയിൽ ഏറ്റവും ജയപ്രതീക്ഷ പുലർത്തുന്നത് ഇതേ തൃശൂരിലാണ്. അതുകൊണ്ടാണ് പത്മജയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം നിർണ്ണായകമാകുന്നത്.
ലീഡർ കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ ഓടിയെത്തി പുഷ്പാർച്ചന നടത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച സിറ്റിങ് എംപി ടി.എൻ. പ്രതാപൻ താൻ ഗുരുവായൂരപ്പന്റെ വിശ്വാസിയും ലീഡറുടെ വലിയ ആരാധകനുമാണെന്ന് വ്യക്തമാക്കാനും മറന്നില്ല.. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ എന്നും കരുണാകര വിരുദ്ധ ചേരിയിലായിരുന്നു പ്രതാപൻ.
പ്രതാപൻ തുടരുന്നു.. ”ലീഡർ കെ.കരുണാകരന്റെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിട്ടാണ് ഞാൻ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലായാലും ആദ്യത്തെ തിരഞ്ഞെടുപ്പു യോഗം ചേരുന്നതിനു മുൻപ് ഇവിടെ വന്ന് ലീഡറുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചശേഷമാണു പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗുരുവായൂരപ്പ, കരുണാകര ഭക്തി പ്രതാപനെ രക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം .


