പത്തനംതിട്ട – പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം) – ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ പത്തനംതിട്ട നഗരസഭാതല സംഗമം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഒരു കുടുംബം പോലും സ്വന്തമായി വീടില്ലാത്തവരായി അവശേഷിക്കരുത് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് നഗരസഭാ ഭരണസമിതി മുന്നോട്ട് പോകുന്നത്. സാമ്പത്തിക കാരണങ്ങളാല്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധ സംഘടനകളുടെ സഹായവും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്റെ ലഭ്യതയും ഉപയോഗപ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭയില്‍ എട്ട് ഡി പി ആറുകളിലായി 827 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 750 ഗുണഭോക്താക്കള്‍ ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുകയും 732 പേര്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട് ഒന്നാം ഗഡു തുക നല്‍കുയും ചെയ്തു. 509 കുടുംബങ്ങള്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. മറ്റുള്ളവ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. പദ്ധതിയുടെ നഗരസഭ വിഹിതമായി 13.86 കോടി രൂപയും കേന്ദ്ര- സംസ്ഥാന വിഹിതമായി 11.90 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 624 ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ കാര്‍ഡും 41212 തൊഴില്‍ ദിനങ്ങളിലായി 86.4 ലക്ഷം രൂപയും നല്‍കി. സാമ്പത്തിക – സാങ്കേതിക കാരണങ്ങളാല്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സംഗമത്തില്‍ അവസരം ഒരുക്കി. വിദ്യാഭ്യാസ കലാ-കായിക മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച ഗുണഭോക്തൃ കുടുംബങ്ങളിലെ കുട്ടികളെയും സംരംഭം ആരംഭിച്ച് വിജയം വരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീയുടെ നവജ്യോതി രംഗശ്രീ കമ്മ്യൂണിറ്റി തിയേറ്റര്‍ അവതരിപ്പിക്കുന്ന സ്വപ്ന വീട് എന്ന നാടകം അരങ്ങേറി.
നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ് സുധീര്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ആര്‍ അജിത് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി, കൗണ്‍സിലര്‍മാരായ വിമല ശിവന്‍, ശോഭ കെ മാത്യു, ആര്‍ സാബു, അഡ്വ. എ സുരേഷ്‌കുമാര്‍, സി കെ അര്‍ജ്ജുനന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

