സ്വകാര്യ ബസ് ഇടിച്ച് കെ.എസ്.എഫ്.ഇ മാനേജര്‍ മരിച്ച കേസ്: ഡ്രൈവര്‍ക്ക് തടവും പിഴയും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അമിത വേഗത്തില്‍ അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസ് ഇടിച്ച്, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജര്‍ മരിക്കുകയും മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു.

അപകടത്തില്‍ മുളക്കുഴ ദില്‍ഖുഷ് പരേതനായ എം.പി. അബ്ദുള്ളയുടെ മകന്‍ കെ.എസ്.എഫ്.ഇ കോഴഞ്ചേരി ബ്രാഞ്ച് അസി. മാനേജര്‍ എം.ഷാഫി മുഹമ്മദാണ്(42) മരിച്ചത്. ബസ് ഡ്രൈവര്‍ തിരുവല്ല പരുമല മുറിയില്‍ മരങ്ങാട്ടുപറമ്പില്‍ വീട്ടില്‍ ആനന്ദന്റെ മകന്‍ അഭിലാഷിനെയാണ് (39) ശിക്ഷിച്ചത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കാര്‍ത്തിക പ്രസാദാണ് വിധി പുറപ്പെടുവിച്ചത്. 2012 മാര്‍ച്ച് 12ന് രാവിലെ 10 ന് ആറന്മുള പൊന്നുംതോട്ടം ജങ്ഷനിലായിരുന്നു അപകടം.

സുഹൃത്തുക്കളായിരുന്ന ഷാഫിയും അരൂര്‍ പഞ്ചായത്ത് ജീവനക്കാരന്‍ കാര്‍ത്തികേയ വര്‍മയും ബൈക്കില്‍ ജോലിക്കായി ഓഫീസുകളിലേക്ക് പോകുകയായിരുന്നു. കോഴഞ്ചേരിയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഉത്രാടം ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ഷാഫി ഓടിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഷാഫിക്കും ബൈക്കിന്‍ന്റെ കാര്‍ത്തികേയ വര്‍മക്കും ഗുരുതര പരുക്കേറ്റു. ഇരുവരെയും നാട്ടുകാര്‍ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാഫി മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട കാര്‍ത്തികേയ വര്‍മ വീല്‍ചെയറിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പത്തനംതിട്ട അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ആര്‍. രാജ്‌മോഹന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *