ആറന്മുള – മണ്ഡലപൂജയ്ക്ക് ശബരിമല ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ വഹിച്ചു കൊണ്ടുള്ള പേടകങ്ങൾ ഇന്നലെ രാവിലെ ആറന്മുള ക്ഷേത്രത്തിൽ നിന്ന് തിരിച്ചു പന്തളം കൊട്ടാരത്തിൽ തിരികെയെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി വലിയ പാലത്തിനു സമീപം ആചാര പ്രകാരം തിരുവാഭരണ മടക്ക ഘോഷയാത്രക്ക് വരവേൽപ്പ് നൽകി. ശരണഘോഷങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്.


വലിയ പാലത്തിനപ്പുറം കുളനട ഗ്രാമപഞ്ചായത്ത്, അയ്യപ്പ സേവാ സംഘം, കൈപ്പുഴ റസിഡൻസ് അസോസിയേഷൻ, കൈപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ഉപദേശക സമിതി, പന്തളം നഗരസഭ, ദേവസ്വം ബോർഡ്, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, മണികണ്‌ഠനാൽത്തറ ക്ഷേത്രം, അയ്യപ്പ നഗർ റസിഡൻസ് അസോസിയേഷൻ, മുട്ടാർ അയ്യപ്പ ക്ഷേത്രം, പാലസ് വെൽഫെയർ സൊസൈറ്റി, പന്തളം കൊട്ടാരം നിർവാഹക സംഘം, ക്ഷത്രിയ ക്ഷേമസഭ എന്നിവർ സ്വീകരണം നൽകി.
കഴിഞ്ഞ 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്ര സംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് ഉത്സവത്തിന് ശേഷം 22 ന് നടയടച്ച ശേഷമാണ് തിരുവാഭരണ ഘോഷയാത്രാ സംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്.
ചൊവ്വാഴ്‌ച വൈകിട്ട് ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേർന്ന ഘോഷയാത്രാ സംഘം രാത്രി വിശ്രമത്തിന് ശേഷമാണ് ഇന്നലെ പന്തളത്തേക്ക് എത്തിയത്.

ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലും ആഭരണങ്ങൾ ദർശനത്തിനായി തുറന്ന് വച്ചിരുന്നു. പുലർച്ചെ ആറന്മുളയിൽ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴുമണിക്ക് പന്തളത്ത് എത്തിച്ചേർന്നത്. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെത്തിയ ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹക സംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിച്ചു.
അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ ദർശനത്തിനായി തുറക്കുന്നത്.


