75-മത് റിപ്പബ്ലിക് ദിനാഘോഷം നാളെ (26) : ആരോഗ്യമന്ത്രി വീണാ ജോർജ് സല്യൂട്ട് സ്വീകരിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഭാരതത്തിന്റെ 75-മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നാളെ (26) രാവിലെ ഒൻപതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആഘോഷിക്കും. ആരോഗ്യ വനിതാ-ശിശുവികസന മന്ത്രി വീണാ ജോർജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. പരേഡിനുള്ള തയാറെടുപ്പുകൾ രാവിലെ 8.45 ന് ആരംഭിക്കും. 8.47ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പോലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും വേദിയിലെത്തും.

ഒൻപതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയർത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാർച്ച് പാസ്റ്റ്, 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം, 9.40 മുതൽ സാംസ്‌കാരിക പരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും. പരേഡിൽ പൊലീസ്, ഫയർ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങൾ, എൻ.സി.സി, ജൂനിയർ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ ബാൻഡ് സെറ്റുകൾ തുടങ്ങിയവർ അണിനിരക്കും. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരനും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസിൽദാർ കെ.ജയദീപും നിർവഹിക്കും.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി വീടുകളും സർക്കാർ, വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ എ.ഷിബു അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. എല്ലാ സർക്കാർ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കണം. രാവിലെ 7.30ന് എല്ലാ പൊതുജനങ്ങളും ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *