
സന്നിധാനം – ഭക്തി നിർഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിൻ്റെ ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തിൽ നിന്നും മാളികപ്പുറം മേൽശാന്തി പൂജിച്ച് നൽകിയ തിടമ്പ് ജീവകയിൽ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കർപ്പൂരതാലം ഏന്തി എഴുന്നള്ളത്തിൽ പങ്കെടുത്തു.
എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കൽ എത്തിയപ്പോൾ പടി കഴുകി വൃത്തിയാക്കി പടിയിൽ കർപ്പൂരാരതി നടത്തി. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് വിരിയിൽ എത്തി കർപ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാൾ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. സമൂഹപ്പെരിയാൻ എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി ചന്ദ്രകുമാർ, ട്രഷറർ ബിജു സാരംഗി എന്നിവർ നേതൃത്വം നൽകി.

What do you feel about this post?
Like
Love
Happy
Haha
Sad

