15 ആനകളെ നിരത്തി 200 വാദ്യ കലാകാരന്മാരെയും അണിനിരത്തി പ്രധാനമന്ത്രിക്കായി പാറമ്മേക്കാവ് ദേവസ്വം ചെറുപൂരം ഒരുക്കും !!

Kerala Thrissur
Print Friendly, PDF & Email

തൃശൂർ – പൂരത്തിലെ നടത്തിപ്പുമായി ബന്ധപ്പെട്ടു വിവാദങ്ങൾ ഉയരുന്നതിനിടെ, തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കായി ചെറുപൂരം ഒരുക്കാൻ പാറമ്മേൽക്കാവ് ദേവസ്വം മുന്നോട്ട് . 15 ആനകളെയും 200 കലാകാരന്മാർ പങ്കെടുക്കുന്ന വാദ്യമേളവും കൊണ്ട് പൂരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ലക്ഷ്യം. ജനുവരി 3 നാണ് നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത്. പൂരവുമായി ബന്ധപ്പെട്ട സ്റ്റാൾ ഇനത്തിലെ വാടക സംബന്ധിച്ച പ്രതിസന്ധി പ്രധാനമന്ത്രിയുടെ മുന്നിൽ നേരിട്ട് എത്തിക്കാനാണ് നടപടി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയസാദ്ധ്യതയുള്ള മണ്ഡലമായി ശ്രദ്ധ കൊടുത്തിരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തൃശൂരിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവും തെരഞ്ഞെടുപ്പ് ഒരുക്കവുമൊക്കെയാണ് യോഗത്തിലെ പ്രധാന അജണ്ഡ. പ്രധാനമന്ത്രിയുടെ വരവോടെ പരമാവധി ഓളം ഉണ്ടാക്കാനാകും ബിജെപിയുടെ ശ്രമം.

നേരത്തേ തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ഹൈക്കോടതിയിൽ അറിയിക്കുമെന്ന് സർക്കാർ നിലപാടറിയിച്ചു. സൗജന്യമായി ഭൂമി വിട്ട് നൽകണമെന്ന ആവശ്യവുമായാണ് ദേവസ്വങ്ങൾ രംഗത്തെത്തിയത്. ഹൈക്കോടതി കേസ് ജനുവരി നാലിന് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇരു ദേവസ്വങ്ങളുടെയും തീരുമാനം.

200 വർഷത്തെ ചരിത്ര പാരമ്പര്യം കണക്കാക്കുന്ന തൃശൂർപൂരം സാധാരണഗതിയിൽ മേടമാസത്തിലാണ് നടത്താറുള്ളത്. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിട്ടുള്ളത്. പൂരം പ്രദർശന സ്റ്റാളുകളുടെ വാടക കൂട്ടിയതിലൂടെയാണ് പ്രതിസന്ധി ഉടലെടുത്തത്, ഒരുപക്ഷെ പൂരത്തിന് ഇരു ദേവസ്വങ്ങളും പങ്കെടുക്കാതെ ക്ഷേത്ര മുറ്റങ്ങളിൽ പരസ്പരം പൂര അഭിമുഖം നടത്തുമെന്നും വാദിക്കുന്നവരുണ്ട്. ഈ വിഷയത്തിൽ പൂരം നടക്കണമെന്ന നിലപാട് സുരേഷ്‌ഗോപി സ്വീകരിച്ചിരിക്കുന്നതിനാൽ കേന്ദ്ര മന്ത്രിസഭയുടെ ഇടപെടൽ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *