@ സന്തോഷ് സദാശിവമഠം
തിരുവല്ല: ജനുവരി 18 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം ” മൈഗ്രേഷൻ കോൺക്ലേവ് – 2024 ” മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ 18 ന് വൈകിട്ട് 4ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ സംഗീതജ്ഞരായ ശിവമണി, സ്റ്റീഫൻ ദേവസ്യ എന്നിവർ ചേർന്നൊരുക്കുന്ന മെഗാ ലൈറ്റ് ആൻ്റ് മ്യൂസിക്കൽ ഇവൻ്റ് അരങ്ങേറും.
19, 20, 21 തീയ്യതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപോലീത്തൻ കത്തീഡ്രൽ ഹാൾ (കൂടാര പള്ളി), മാർത്തോമാ കോളേജ് എന്നിവിടങ്ങളിൽ സെമിനാറുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

2024 ഡിസംബറിൽ തിരുവനന്തപുരത്ത് ചേരുന്ന ലോക കേരള സഭയുടെ മുന്നോടിയായാണ് തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും, പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും ചേർന്ന് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒരു ലക്ഷം പ്രവാസികൾ ഓൺലൈനായും മൂവായിരം പ്രതിനിധികൾ നേരിട്ടും സംബന്ധിക്കും. നാല് ദിവസങ്ങളിലായി 10 വേദികളിൽ 60 വിഷയങ്ങളെ അടിസ്ഥാനമായി 600 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിൻ്റെ കേന്ദ്ര പ്രമേയം.
പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാേല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക എന്നീ മൂന്ന് വിഷയങ്ങളിലാണ് കോൺക്ലേവ് പ്രധാനമായും ചർച്ച നടത്തുന്നത്.
പ്രവാസികളുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും 60 സെമിനാറുകളിലായി ചർച്ച ചെയ്യും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ നേതൃത്വം നൽകുന്ന സെമിനാറുകൾ പത്തനംതിട്ട ജില്ലയ്ക്ക് ഒരു വികസന പാക്കേജ് തയ്യാറാക്കും.
നേരിട്ടും അല്ലാതെയും പങ്കെടുക്കുന്ന പ്രതിനിധികൾ കൂട്ടത്തോടെയും അല്ലാതെയും
www.migrationconclave.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുകയാണ്.


