കോട്ടയം – വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വേദിയിലേക്ക് ക്ഷണമുള്ള കോവളം എംഎൽഎ അതിരാവിലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ സ്മൃതി കുടീരത്തിലെത്തി, ചാണ്ടിഉമ്മൻ എംഎൽഎക്കൊപ്പം പുഷ്‌പാർച്ചന നടത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മൻചാണ്ടിയെന്നും, അദ്ദേഹം ആർജ്ജവത്തോടെ ഇറങ്ങിത്തിരിച്ചതിന്റെ ഫലമാണ് ഇന്ന് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു. പരസ്യങ്ങളിലൂടെ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയുമൊക്കെ ക്രെഡിറ്റ് തട്ടിയെടുക്കാൻ പാടുപെടുമ്പോൾ കേരളത്തിലെ ജനങ്ങൾക്കറിയാം യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. കല്ലിട്ടാലല്ല. കരാറൊപ്പിട്ടാൽ നടക്കുന്നതാണ് പദ്ധതിയെന്നും കരാറൊപ്പിട്ടത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അദാനി നിർമ്മിക്കുന്ന തുറമുഖത്തിനായി പശ്ചാത്തല വികസനമൊരുക്കേണ്ട കേരളം സർക്കാർ, തുറമുഖത്തിലേക്കുള്ള റെയിൽ കണക്ടിവിറ്റി 2021 ൽ പൂർത്തീകരിക്കേണ്ടത് ഇന്ന് 2025 ആയിട്ടും തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ റോഡ്, റെയിൽ കണക്റ്റിവിറ്റി പൂർത്തിയാകാത്തതിനാൽ ആറുലക്ഷം കണ്ടൈനർ ഇതുവരെ കൈകാര്യം ചെയ്‌തെങ്കിലും ഒന്നും പുറത്തേക്ക് വരാത്തതിന് കാരണം അതാണ്.
വികസനം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്തിന് കേരള സർക്കാരിന്റെ പ്രവർത്തികൾ ഒരിക്കലും ഭൂഷണമല്ല എന്നും അദ്ദേഹം പറഞ്ഞു നിർത്തി.


