ആറന്മുള – മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 12 ആം വാര്‍ഡ് മെമ്പര്‍ അവധിയെടുക്കാതെ വിദേശത്തേക്ക് പോയതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ഒരൊറ്റ വോട്ടിന് ജയിച്ചത് എല്‍ഡിഎഫിനും സിപിഐക്കും ഒരു പോലെ ആശ്വാസമായി.

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ അശ്വതി പി. നായരാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്തതില്‍ 201 വോട്ടാണ് സിപിഐ സ്ഥാനാര്‍ഥി അശ്വതിക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സുജാ കുമാരി വേണാട്ട് വോട്ട് 200 നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി വത്സല കുമാരി 106 വോട്ട് നേടി മികച്ച പ്രകടനം കാഴ്ച വച്ചു.
പഞ്ചായത്തില്‍ അറിയിക്കാതെ വിദേശത്ത് ജോലിക്ക് പോയ ശേഷം അവധിക്ക് അപേക്ഷ നല്‍കിയ വികസന കാര്യ സ്ഥിരം സമതി അദ്ധ്യക്ഷ കൂടിയായിരുന്ന 12 ആം വാര്‍ഡ് മെമ്പര്‍ ശ്രീരേഖയുടെ ആവശ്യം ഭരണ സമതി തള്ളിയതോടെ അയോഗ്യത വന്നതാണ് 12 ആം വാര്‍ഡില്‍ ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇടതു മുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിലെ സിപിഐ അംഗമായിരുന്നു ശ്രീരേഖ. ഇവര്‍
വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ഔദ്യോഗികമായി പഞ്ചായത്തിനെ അറിയിക്കേണ്ടിയിരുന്നു. അറിയിക്കാതെ പോയിട്ട് പിന്നീട് അവധിക്ക് അപേക്ഷ നൽകുകയായിരുന്നു .


