പത്തനംതിട്ട – അമ്മായിയപ്പനെ മർദ്ദിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്ന കേസിൽ ഗ്രേഡ് എസ്‌ഐ അറസ്റ്റിൽ. പത്തനംതിട്ട എആർ ക്യാമ്പ് എസ്‌ഐ കാവനാട് മുക്കാട് വിളയിൽ സാൻജോ ക്ലീറ്റസിനെ (50) യാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് വീട്ടിൽ സംഭവം.
സാൻജോ വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ തടസം പിടിക്കാൻ വന്ന അമ്മായിയപ്പൻ കാവനാട് വിളയിൽ വീട്ടിൽ സ്റ്റീഫനെ (75) യാണ് മർദ്ദിച്ചത്. മകളുമായുള്ള തർക്കത്തിൽ സ്റ്റീഫൻ ഇടപെട്ടത് ഇഷ്ടപ്പെടാതെ വന്ന സാൻജോ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മർദ്ദനമേറ്റ സ്റ്റീഫൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐമാരായ ദിലീപ്, പ്രദീപ്, എസ്‌സിപിഒ അബു താഹിർ, സിപിഓമാരായ സിധിഷ്, ശ്രീകാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


