തിരുവനന്തപുരം – വരും ദിവസങ്ങളിലും ഗവർണ്ണർക്കെതിരെ ശക്തമായ സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. ഗവർണർ സർവ്വകലാശാലകളിൽ അംഗങ്ങളെ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നുവെന്നും ആർഷോ ആരോപിച്ചു. യോഗ്യതകളൊക്കെ മറികടന്നാണ് ചാൻസലർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചത്. ഇന്നലെ മുതൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു തുടങ്ങിയെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതികരണം എന്തെന്ന് മനസിലാക്കാൻ കഴിയുന്നില്ല എന്നും ആർഷോ പറഞ്ഞു. സംഘപരിവാർ വൽക്കരണം യൂണിവേഴ്സിറ്റികളിൽ നടന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും ആർഷോ പറഞ്ഞു.
ഇനി ക്യാമ്പസുകളിലേക്ക് സമരം വ്യാപിപ്പിക്കും. എസ്എഫ്ഐ അക്രമം ഉണ്ടാക്കുന്നുവെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. വർഗീയതയിൽ നിന്ന് സർവ്വകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ ഈ സമരം. ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ ഇംഗ്ളീഷിൽ ചീത്ത വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും ആർഷോ പറഞ്ഞു.
ഇന്നലെ രാത്രി ഗവർണ്ണർ ഡൽഹിക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു ‘ആർഎസ്എസ് ഗവർണർ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിർവശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറിനടുത്തേക്ക് പ്രതിഷേധക്കാർ എത്തിയതോടെ കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവർണർ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ നടത്തിയത്.. !!


