പത്തനംതിട്ട – ജില്ലയിലെ പട്ടികവർഗസങ്കേതങ്ങളിൽ ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാകളക്ടർ എ ഷിബു പറഞ്ഞു. കോട്ടാമ്പാറ, കാട്ടാത്തി എന്നീ പട്ടികവർഗസങ്കേതങ്ങളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കേതങ്ങളിലെ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കുടിവെള്ളം, വാഹനസൗകര്യം, ആംബുലൻസ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോളനികളിൽ ഉറപ്പാക്കും. ഇവരിൽ പലരും സ്വന്തം സ്ഥലം വിട്ട് വരാൻ തയ്യാറാകാത്ത സാഹചര്യമുള്ളതിനാൽ അതത് പ്രദേശത്ത് തന്നെ പരമാവധി സൗകര്യം ഒരുക്കുമെന്നും എല്ലാവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു.
കൊക്കാത്തോട് ഒരേക്കർ എന്ന സ്ഥലത്ത് ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വീടുകൾ, കലുങ്ക്, അച്ചൻകോവിൽ പാത എന്നീ സ്ഥലങ്ങളും കളക്ടർ സന്ദർശിച്ചു. പാറചരുവിൽ അജികുമാർ, തൊണ്ടൻവേലിൽ അനിൽകുമാർ എന്നിവരുടെ വീടുകളാണ് ഉരുൾപൊട്ടലിൽ നശിച്ചത്.
പട്ടികവർഗവികസന ഓഫീസർ എസ് സുധീർ, പട്ടികവർഗഎക്സ്റ്റൻഷൻ ഓഫീസർ നിസാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശരത്ചന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, കാട്ടാത്തി വാർഡ് അംഗം വി. കെ രഘു, ഊരുമൂപ്പൻ മോഹൻദാസ്, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

What do you feel about this post?
Like
Love
Happy
Haha
Sad

