ന്യൂഡൽഹി – ഇഷ്ടംപോലെ സിംകാർഡ് കിട്ടും.. അതിനാൽ ഒരഞ്ചാറെണ്ണം ഒക്കെ എടുത്ത് വിലസാമെന്ന് ഇനി ആരും കരുതേണ്ട. പിടിവീണാൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പിഴ. രാജ്യത്ത് നാളെ മുതൽ സിംകാർഡ് നിയന്ത്രണത്തിനായി പുതിയ നിയമം നിലവിൽ വരും. വ്യാജ സിം കാർഡ് തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്.
സിം കാർഡ് ഡീലർമാർക്ക് ഇനി വെരിഫിക്കേഷൻ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്‌ട്രേഷനും നിർബന്ധമാണ്. ഇതിന്റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാർക്കാണ്. സിം കാർഡ് വിൽപ്പന നടത്തുന്നവർ രജിസ്റ്റർ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ഈടാക്കും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാൽ ഡീലർഷിപ്പ് മൂന്ന് വർഷം വരെ റദ്ദാക്കും.
വാങ്ങാൻ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് വലിയ തോതിൽ (ബൾക്കായി) സിം കാർഡുകൾ സ്വന്തമാക്കാനാവൂ. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോഴും ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും. ക്യൂആർ കോഡ് സ്‌കാനിംഗിലൂടെയാണ് ആധാർ വിവരങ്ങളെടുക്കുക. കെവൈസി നിർബന്ധമാണ്. എവിടെ താമസിക്കുന്നു എന്നതുൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. ഒരാൾ ഫോൺ നമ്പർ നമ്പർ ഡീ ആക്റ്റിവേറ്റ് ചെയ്താൽ 90 ദിവസത്തിന് ശേഷമേ ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കൂ.
പുതിയ നിയന്ത്രണങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ നടപ്പാക്കൽ പിന്നീട് രണ്ട് മാസത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. വ്യാജ മാർഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകൾ ഇതിനകം നിർജ്ജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സർക്കാർ ആരംഭിച്ചിട്ടുണ്ട്. അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ എഎസ്ടിആർ വികസിപ്പിച്ചു.
സ്വന്തം പേരിലുള്ള സിംകാർഡ് ഒരിക്കലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുക. നിസ്സാരമായ ട്രാഫിക്ക് നിയമ ലംഘനം അടക്കം പിടിക്കപ്പെട്ടാൽ പ്രതിയാകുന്നത് സിംകാർഡ് ഉടമയാകും. അപ്പോൾ വലിയ നിയമ ലംഘനങ്ങൾ നിങ്ങളുടെ പേരിലുള്ള സിംകാർഡ് ഉപയോഗിക്കുന്ന വ്യക്തി ചെയ്താലോ ? മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇന്ന് മിക്ക കുറ്റകൃത്യങ്ങളിലെയും പ്രതികളെ പിടിക്കാനാകുന്നത്. വിരലടയാളം അടക്കമുള്ള ആധാർ കാർഡ് വിവരങ്ങൾ മൊബൈൽ സിം കാർഡിന് നിർബന്ധമാക്കുന്ന നിയമം വഴി ഭീകരവാദ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും തെളിയിക്കാൻ ഒരുപരിധിവരെ സഹായകരമാകും ഈ നിയന്ത്രണങ്ങൾ എന്നാണു കേന്ദ്ര സർക്കാർ കരുതുന്നത് .
നാളത്തെ ഭാവിയിൽ മൊബൈൽ ഫോൺ കയ്യിലുള്ള ഒരാൾ എവിടെപ്പോയി. എന്തെല്ലാം ചെയ്തു എന്നതടക്കം തെളിയിക്കാനും പൊലീസിന് കഴിയും. മറ്റൊരാൾ നിങ്ങളുടെ സിംകാർഡുമായി കറങ്ങുന്നതെങ്കിൽ നിങ്ങളും ചിലപ്പോൾ അയാളുടെ കുറ്റകൃത്യങ്ങളിൽ പ്രതിയാകും. അപ്പോൾ ഇനി സൂക്ഷിക്കുക. നിങ്ങളുടെ സിംകാർഡ് നിങ്ങളുടെ കയ്യിൽത്തന്നെയാകണം. സൗഹൃദം, ബന്ധം, പരിചയമുള്ളവർ, അങ്ങനെയൊക്കെ ഉള്ളതിന് നിങ്ങൾ കൊടുക്കുന്ന സിംകാർഡ് നിങ്ങൾക്ക് തന്നെ പണിയാകും !!


