പത്തനംതിട്ട – ജണ്ടയ്ക്കു പുറത്തുള്ള ഭൂമിക്ക് വനംവകുപ്പിന് അവകാശമില്ലെന്നു വ്യക്തമാക്കിക്കൊണ്ട് വനംഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷയേറി. നിയമ ഭേദഗതി നിലവിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാന റവന്യു, വനംവകുപ്പുകൾ യോഗം ചേർന്ന് തീരുമാനങ്ങളെടുത്തിരിക്കുന്നത്. ഇതോടെ വനം അല്ലാത്ത മുഴുവൻ പ്രദേശങ്ങളും റവന്യു ഭൂമിയായി മാറും.
ജില്ലയിൽ കാലങ്ങളായി പട്ടയം നൽകുന്നതിനു വനംവകുപ്പ് ഉന്നയിച്ചിട്ടുള്ള തടസവാദങ്ങൾ പൂർണമായി ഇല്ലാതാകുന്നതാണ് പുതിയ നീയമഭേദഗതി. യഥാർഥ വനഭൂമി മാത്രം അതേ നിലയിൽ നിലനിൽക്കുകയും കൈവശത്തിലുള്ള ഭൂമികളുടെ മേൽ ഉടമസ്ഥരേഖ ലഭിക്കുന്നതിനും നിയമഭേദഗതി സഹായകമാകും.
കൈവശ ഭൂമിക്ക് യഥാർഥ മൂല്യം ലഭിക്കുന്നതിനും പുരോഗമനപരമായ ഇതര പ്രവൃത്തികൾക്ക് ഉപയുക്തം ആക്കുന്നതിനും തടസമായി നിന്നിരുന്ന രേഖപ്രകാരം ഉള്ള വനം എന്ന മരണക്കുരുക്കാണ് ഒഴിവാക്കപ്പെടുന്നത്. കൈവശ ഭൂമിയുടെ ഭൂമിയുടെ മേലുള്ള വനംവകുപ്പിന്റെ അന്യായ അവകാശവാദങ്ങൾ ഇല്ലാതെ ആകുന്നുവെന്നത് പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന കർഷകർക്ക് വലിയ ഒരു ആശ്വാസമാണ്.
കേരളത്തിലെ കർഷകരുടെ കൈവശം കൃഷിക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി വിട്ടു നൽകിയിട്ടുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുൻപ് കൈവശം ലഭിച്ചിട്ടുള്ളതാണെങ്കിൽ ആയത് കൈവശക്കാരന് പതിച്ചു നൽകുന്നതിന് സംസ്ഥാന ഗവൺമെന്റ് മുൻപെടുത്ത തീരുമാനം ചുവപ്പുനാടയിൽ കുടുങ്ങി നടപ്പാക്കാനായിട്ടില്ല.
1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ടിൽ ഭേദഗതി വരുത്തി യഥാർഥ വനം കൃത്യമായി നിർവചിച്ചത് നിലവിലുള്ള എല്ലാ തടസവാദങ്ങളും ലഘൂകരിക്കുന്നതാണ്. പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമികളിൽ നൽകിയിട്ടുള്ള കൈവശ രേഖകൾ, നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് നൽകിയിട്ടുള്ള നമ്പറുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാൻ കഴിയുമെന്ന തരത്തിലുള്ള പുതിയ വനനിയമ ഭേദഗതി മലയോര ജനതയ്ക്ക് വലിയ ആശ്വാസമാകുകയാണ്.
ജില്ലയിലെ 6362 കർഷകരുടെ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസവാദങ്ങൾ പുതിയ ഭേദഗതിയോടെ ഇല്ലാതാകുകയാണ്. റാന്നി, കോന്നി താലൂക്കുകളിൽ ഉൾപ്പെട്ട ഭൂപ്രദേശങ്ങളിലെ അർഹരായ കൈവശ കർഷകരുടെ ഭൂമിക്കാണ് പട്ടയം തേടി കേന്ദ്രത്തിലേക്ക് അപേക്ഷ നൽകിയിട്ടുള്ളത്. രണ്ടു വർഷത്തോളമായ നടപടികളിൽ ഇതേവരെയും കേന്ദ്ര തീരുമാനം വന്നിരുന്നില്ല. പല തവണ കേന്ദ്രം അപേക്ഷ മടക്കി അയച്ചിരുന്നു. വിശദീകരണക്കുറിപ്പോടെ സംസ്ഥാനം അയച്ച മറുപടികൾ സ്വീകാര്യവുമായിരുന്നില്ല. എന്നാൽ പുതിയ നിയമഭേദഗതി തടസങ്ങൾ മാറ്റുമെന്നാണ് പ്രതീക്ഷ.
പെരുമ്പെട്ടി വില്ലേജിലെ 414 കർഷകരുടെ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിന് അപേക്ഷ നൽകിയത്. ഈ കർഷകരുടെ ഭൂമി വനപരിധിയിൽ വരുന്നില്ലെന്ന് 2019 ൽ സർവേ നടത്തി കണ്ടെത്തിയതിനു ശേഷവും അവരുടെ സ്ഥലങ്ങളും കേന്ദ്രത്തിനു സമർപ്പിച്ച പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയിരുന്നില്ല. പൊന്തൻപുഴ വലിയകാവ് വനവുമായി ബന്ധപ്പെട്ട തർക്കമാണ് കൈവശ കർഷകരുടെ ഭൂമിക്കുമേൽ കൊണ്ടുവന്നത്. റാന്നി ഡിവിഷന് കീഴിലുള്ള വലിയകാവ് വനം സംബന്ധിച്ച അവകാശത്തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വലിയകാവ് വനത്തിൽപ്പെട്ട ഭൂമിയാണ് പെരുമ്പെട്ടിയിലെ കർഷകരുടെ കൈവശത്തിലുള്ളതെന്ന് തെറ്റായി വാദിച്ച ഉദ്യോഗസ്ഥർ സുപ്രീംകോടതിയുടെ കേസിൽ നിലവിലുള്ള തൽസ്ഥിതി ഉത്തരവ് മുഴുവൻ അപേക്ഷയ്ക്കും ക്ഷണിച്ചു വരുത്തുകയായിരുന്നു. പിഴവു തിരുത്തി അപേക്ഷ നൽകാനും റവന്യുവകുപ്പ് തയാറായിരുന്നില്ല.


