ഇക്കോ ലോഗ് സംഗമത്തില്‍ ഗവി പമ്പ സംരക്ഷിത വനമേഖലയെ പാരിസ്ഥിതിക സഞ്ചാര മേഖലയായി പ്രഖ്യാപിക്കണം എന്നാവിശ്യം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജില്ലയുടെ ജലഗോപുരം എന്ന് വിശേഷിപ്പിക്കാവുന്ന ഗവി കൊച്ചു പമ്പ സംരക്ഷിത വനപ്രദേശത്തെ പാരിസ്ഥിതിക സഞ്ചാര മേഖലയായി പ്രഖ്യാപിക്കണമെന്ന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വനം വകുപ്പ് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇക്കോ ലോഗ് സംഗമത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

ഇടുക്കി പത്തനംതിട്ട ജില്ലകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഗവിയിലേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇതുമൂലം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വനപാതയില്‍ ഉടനീളം വലിച്ചെറിയുന്ന സ്ഥിതി വിശേഷമാണ്. ഇതു തടയാനോ സഞ്ചാരികള്‍ക്കിടയില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാനോ മുന്‍പുണ്ടായിരുന്ന നടപടികള്‍ നിലച്ച മട്ടാണ്.

പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി വാഹനങ്ങളും ഹരിത ബസുകളായി (ഗ്രീന്‍ ബസ്) പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ നിന്ന് എത്തുന്ന ബസുകളും ഇത്തരത്തില്‍ ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന സര്‍വസുകളാക്കി മാറ്റണം.

സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം ആങ്ങമൂഴി വരെ പരിമിതപ്പെടുത്തണം.ഗവി റൂട്ടില്‍ പുകയോ മലിനീകരണമോ ഇല്ലാത്ത ഇമൊബിലിറ്റി വൈദ്യുതി ബാറ്ററി ഇന്ധന സംവിധാനമുള്ള ഹൈബ്രിഡ് ബസുകള്‍ പരീക്ഷിക്കാവുന്നതാണ്. കേന്ദ്ര സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പുകളുടെ പിന്തുണയോടെ ഇത് നടപ്പിലാക്കാന്‍ കഴിയും. വാഹനങ്ങളില്‍ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പോലും വനഭാഗത്ത് ഇടാതിരിക്കാന്‍ ബസില്‍ ഗ്രീന്‍ ബാഗ് ഏര്‍പ്പെടുത്തണം. ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോമും ഹരിത കേരള മിഷന്‍ പെരുമാറ്റ ചട്ടം സംബന്ധിച്ച പരിശീലനവും നല്‍കണം. ഇതിനായി ചെറിയൊരു തുക ഹരിത സെസ് ഈടാക്കാം. ജനങ്ങളുമായി പാരസ്പര്യം സൃഷ്ടിക്കാനായി വാഹനങ്ങളില്‍ വനജീവികളുടെയും വനത്തിന്റെയും ചിത്രം നല്‍കാം.

വനപാതയില്‍ ചെറിയ തോതിലുള്ള വന മ്യൂസിയങ്ങളും ആവശ്യമെങ്കില്‍ പരിഗണിക്കാം. രാജ്യത്ത് ശുദ്ധവായുവും ശുദ്ധജലവു ഏറ്റവുമധികമുള്ള ജില്ലയുടെ ഹരിതാഭ നിലനിര്‍ത്തുന്നതിന് ഈ നടപടി സഹായകമാവുമെന്ന് വിദഗ്ധര്‍ പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ജൈവപൈതൃക മൂല്യം കണക്കിലെടുത്ത് ഹരിത ബസ് സര്‍വീസ് ഉടന്‍ നടപ്പിലാക്കണമെന്ന് ശില്‍പ്പശാല ആവശ്യപ്പെട്ടു.

വനം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പട്ടീല്‍ സുയോഗ് സുഭാഷ് റാവു, കോട്ടയം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. പി. പ്രമോദ്, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേശ് ബാബു, അരിപ്പ വന പരിശീലന കേന്ദ്രം മേധാവി ഡോണി ജി. വര്‍ഗീസ്, വനം വകുപ്പ് മുന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജയിംസ് സഖറിയ, പ്രമുഖ പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സുരേഷ് ഇളമണ്‍, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ ബോബി ഏബ്രഹാം എന്നിവര്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *