പത്തനംതിട്ട – കെ.എസ്.ആർ.ടി.സിയിലേക്ക് എം പാനൽ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒരിക്കൽ പാസായി ജോലി ചെയ്തിരുന്നവർക്ക് വീണ്ടും ടെസ്റ്റ് നടത്തുന്നു. പിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യമെന്ന ആരോപണവുമായി തൊഴിലാളി യൂണിയനുകൾ. കോവിഡ് കാലത്തിന് തൊട്ടുമുൻപ് ഇങ്ങനെ ഒരു ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുകയും രണ്ടു വർഷത്തോളം ദീർഘദൂര സർവീസുകൾ ഓടിക്കുകയും ചെയ്തിരുന്ന ഡ്രൈവർമാർക്കാണ് ഇപ്പോൾ വീണ്ടും അതേ ഡ്രൈറിംഗ് ടെസ്റ്റ് നടത്തുന്നത്.
കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി പി.എസ്.സി തയാറാക്കിയ ലിസ്റ്റിൽ നിന്നുള്ളവരെയാണ് പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം എം. പാനൽ ഡ്രൈവർമാരാക്കിയത്. ഇതിനായി പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള മൂവായിരത്തോളം പേരെയാണ് ടെസ്റ്റ് നടത്തി തെരഞ്ഞെടുത്തത്. റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കിട്ടാതെ ശേഷിക്കുന്നവരെ എം. പാനൽ ഡ്രൈവർമാരാക്കാനായിരുന്നു കോടതി ഉത്തരവ്. കോവിഡ് കാലഘട്ടത്തിൽ ഇങ്ങനെ എടുത്ത ഡ്രൈവർമാരെയൊക്കെ പിരിച്ചു വിട്ടു. വീണ്ടും ഡ്രൈവർമാരെ കോർപ്പറേഷന് ആവശ്യമായി വന്നപ്പോഴാണ് ഇവരെ തന്നെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. മുൻപ് ടെസ്റ്റ് പാസായി രണ്ടു വർഷത്തോളം വണ്ടി ഓടിച്ചു നടന്നവർ വീണ്ടും ടെസ്റ്റ് പാസാകണമെന്ന വിചിത്ര നിർദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ജോലിക്ക് കയറിയവരെ എം. പാനലിലേക്ക് തിരികെ എടുക്കാൻ വീണ്ടും ടെസ്റ്റ് നടത്തുന്നതിന് പിന്നിൽ വമ്പൻ അഴിമതിയുണ്ടെന്നാണ് ആരോപണം. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചു പണി വരുമ്പോൾ ഗതാഗതവകുപ്പിന്റെ മന്ത്രി മാറാനുള്ള സാദ്ധ്യതയുണ്ട്. ഈ അവസരം മുതലാക്കി ചിലർ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് വന്നിരിക്കുകയാണെന്നാണ് ആക്ഷേപം. ജില്ലയിൽ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് വേണ്ടി എടുത്ത സ്ഥലത്ത് വച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

