Adoor : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ടര മാസക്കാലത്തെ വേതനം കുടിശിക.ഴ ജോലി ചെയ്ത് പതിനാല് ദിവസത്തിനുള്ളിൽ കൂലി നൽകണമെന്നാണ് നിയമമെങ്കിലും കേന്ദ്ര സർക്കാർ കുടിശിക വരുത്തിയിരിക്കുകയാണ്.
സെപ്റ്റംബർ ഏഴ് വരെ 12,95,90,806 രൂപയാണ് ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലൂടെ തൊഴിലാളികൾക്ക് കൂലിയിനത്തിൽ കേന്ദ്ര സർക്കാർ നൽകുവാനുള്ളത്. ജില്ലയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതൽ തുക. 4,89,89,782 രൂപയാണ് കുടിശിക ഉള്ളത്.കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയിൽ കുറഞ്ഞ കൂലി കുടിശിക ഉള്ളത്. 74,69,089 രൂപയാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തൊഴിലാളികൾക്ക് കുടിശിക ലഭിക്കുവാനുള്ളത്. ഈ സാമ്പത്തിക വർഷം ജില്ലയിൽ 86,525 അവിദഗ്ധ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇതിൽ എഴുപത്തി മൂവായിരത്തിലധികം പേർ സ്ത്രീകളാണ്. ഭൂമി തട്ടു തിരിക്കൽ, മൺകയ്യാല നിർമ്മാണം, തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ, കുളം നിർമ്മാണം, മഴക്കുഴി നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് തൊഴിലാളികൾ ചെയ്തത്. കേന്ദ്ര സർക്കാർ ഈ മേഖലയിൽ എൻ.എം.എം.എസ് സംവിധാനം ഏർപ്പെടുത്തിയതോടെ രാവിലെ എട്ടിന് തൊഴിലിടങ്ങളിൽ വരുന്ന തൊഴിലാളികൾ തിരികെ വീട്ടിൽ പോകുന്നത് വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ്. രാവിലെ തൊഴിലിടങ്ങളിൽ എടുക്കുന്ന ഫോട്ടോ ഒൻപത് മണിക്ക് മുൻപ് മൊബൈൽ ഫോൺ വഴി അപ്‌ലോഡ് ചെയ്യാൻ തടസങ്ങൾ വന്നാൽ തൊഴിലാളികൾക്ക് അന്നത്തെ ദിവസം ജോലി ചെയ്യാൻ കഴിയുകയുമില്ല.
ഇത്തരം പ്രതിബന്ധങ്ങൾ തരണം ചെയ്ത തൊഴിലാളികൾക്കാണ് ജോലി ചെയ്തതിന്റെ കൂലി രണ്ടരമാസക്കാലമായി കേന്ദ്ര സർക്കാർ നൽകാത്തത്. ഓണത്തിനെങ്കിലും കുടിശിക പൂർണ്ണമായും ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. ആകെ ആശ്വാസമായത് കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് ദിവസം ജോലി ചെയ്ത തൊഴിലാളി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഉൽസവബത്ത മാത്രമാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

