പത്തനാപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ ബി.ഗണേഷ്‌കുമാർ. പത്തനാപുരത്ത് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാത്തതിനാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്.
ഗണേഷ്‌കുമാർ പറഞ്ഞതിങ്ങനെ…
‘നമ്മൾ ഫ്‌ളെക്‌സിൽ റിയാസിന്റെ പടമൊക്കെയാ വച്ചിരിക്കുന്നെ. പക്ഷേ ശരിക്കും വെക്കേണ്ട പടം ആ ജി.സുധാകരന്റെയായിരുന്നു. അദ്ദേഹമാണ് സ്‌നേഹത്തോടെ ഈ റോഡ് നമുക്ക് തന്നത്. അദ്ദേഹത്തോടുള്ള നന്ദി കൈയ്യടിയോടെ നൽകണം. കൊറോണക്കാലത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ആദ്യം പറ്റത്തില്ല എന്ന് പറഞ്ഞു. പിഡബ്ല്യുഡി റോഡല്ലാതെ ഒന്നും തരില്ല എന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോ സ്‌നേഹമായി. എനിക്കൊരു ഹൽവ ഒക്കെ തന്നു. അങ്ങനെയാണ് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ഒറ്റ ദിവസം മൂന്ന് റോഡിനും അനുമതി നൽകിയത്. നന്ദിയോടെ അത് ഓർക്കുന്നു.
സത്യം പറഞ്ഞാ ഇപ്പോ ഇച്ചിരി പരാതിയുണ്ട്. വേണ്ടതുപോലെ ഒന്നും തരുന്നില്ല. അത് മന്ത്രിയുടെ ശ്രദ്ധയിൽ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇത് ശരിയല്ല. എന്നെ പോലെ മുതിർന്ന സീനിയറായിട്ടുള്ള ഒരു എം.എൽ.എ. കേരള നിയമസഭയിൽ അഞ്ച് തവണ ജയിച്ചുവന്ന അപൂർവ്വം ആൾക്കാരെ ഉള്ളൂ. ഉമ്മൻ ചാണ്ടി സാർ മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനും നാലേനാല് പേരാണ് തുടർച്ചയായി അഞ്ച് തവണ ജയിച്ചവരുള്ളത്. അങ്ങനെ ഉള്ള ആളുകളെ ഒന്ന് മാനിക്കണം. ആ അഭിപ്രായം എനിക്കുണ്ട്. മുതിർന്നവരെ സീനിയോറിറ്റി എന്നൊന്നുണ്ട്.
സിനിമാ നടനാണെന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ. കാരണം ഇവരെക്കാളൊക്കെ മുമ്പേ 20 വർഷം മുമ്പേ മന്ത്രിയായിരുന്നിട്ടുണ്ട്. ആ മര്യാദ എങ്കിലും കാണിക്കണം. വേണ്ട വിധത്തിൽ റോഡുകൾ തരുന്നില്ല. പക്ഷേ ജി സുധാകരൻ തന്നിരുന്നു. അതിനു അദ്ദേഹത്തോട് നന്ദിയുണ്ട്. അതുപോലെ രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വലിയൊരു ഉണർവ് അക്കാലത്തുണ്ടായിരുന്നു. ടി.വിക്കാരൊക്കെ എടുക്കുന്നുണ്ട്. എന്നാലും സത്യം പറയാതിരിക്കാനാകില്ലല്ലോ. അത് എവിടെയായാലും പറയണമല്ലോ. എനിക്ക് വളരെ നിരാശയുണ്ട്. പത്തനാപുരം ബ്ലോക്കിൽ ഒരു പിഡബ്യുഡി ഒരു റോഡ് പോലും ഈ വർഷം തന്നിട്ടില്ല എന്നുതന്നെയാണെന്റെ അഭിപ്രായം’
ഗണേഷ്‌കുമാറിന്റെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്നുറപ്പ്. എൽഡിഎഫിൽ നിന്ന് കേരളാകോൺഗ്രസ് ബി പുറത്തേക്ക് എന്നൊരു സന്ദേശം കൂടി ഈ തുറന്നു പറച്ചിലിൽ ഉണ്ടന്ന് കരുതുന്നവരുണ്ട്. ഈ വയ്യാവേലി ഒക്കെ പോയാലേ എൽഡിഎഫ് രക്ഷപ്പെടൂ എന്ന് അഭിപ്രായപ്പെടുന്ന അണികളും ശാരാളമായി ഉണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

