പത്തനംതിട്ട – ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്ന് കളക്ടർ പറഞ്ഞു. പരേഡ്, പന്തൽ, സ്റ്റേജ് ഒരുക്കങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ചും യോഗം വിലയിരുത്തി.
പോലീസ് പ്ലാറ്റൂണുകൾ, എസ് പി സി പ്ലാറ്റൂണുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡുകൾ, ജൂനിയർ റെഡ്ക്രോസ്, എൻസിസി, ബാൻഡ്സെറ്റ് എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡറിനായിരിക്കും. കോഴഞ്ചേരി തഹസിൽദാർ, പത്തനംതിട്ട വില്ലേജ് ഓഫീസർ, പത്തനംതിട്ട നഗരസഭ സെക്രട്ടറി എന്നിവർക്കാണ് ഏകോപന ചുമതല. പന്തൽ, സ്റ്റേജ് എന്നിവ പിഡബ്ല്യുഡി കെട്ടിടവിഭാഗം ഒരുക്കും. ലൈറ്റ്, സൗണ്ട് എന്നിവ പിഡബ്ല്യുഡി ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗം ഒരുക്കും. എഡിഎം ബി രാധാകൃഷ്ണൻ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


