അടൂർ: ബസിനുള്ളിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ ഒന്നിന് പിറകെ ഒന്നായി പൊലീസുകാരനും ഐജി ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനും അറസ്റ്റിൽ. കോന്നി പൊലീസ് സ്‌റ്റേഷനിലെ സിപിഓ പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷെമീർ (39), ഇടുക്കി കാഞ്ചിയാർ നേര്യംപാറ അറയ്ക്കൽ വീട്ടിൽ എ.എസ്. സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. സതീഷ് എക്കണോമിക്‌സ് ഒഫൻസ് വിങ് ഐജിയുടെ കാര്യാലയത്തിൽ നിന്നും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിൽ ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപി (ട്രെയിനിങ്) ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായി അറ്റാച്ച് ഡ്യൂട്ടി ചെയ്തു വരികയാണ്.
സതീഷ് ആണ് ആദ്യം അറസ്റ്റിലായത്. രാവിലെ 11 മണിയോടെ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ പറന്തലിൽ വച്ചാണ് പീഡനശ്രമം നടന്നത്. യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടർന്ന് ബസിൽ തന്നെ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
ഉച്ചയ്ക്ക് ഒന്നിനാണ് രണ്ടാമത്തെ സംഭവം. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആർടിസി ബസിൽ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീർ കടന്നു പിടിച്ചുവെന്നാണ് കേസ്. താഴെ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പർശിച്ചുവെന്നാണ് ഷെമീറിന്റെ വാദം. ഇതേ ബസിൽ ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവും സഹോദരനും ചേർന്ന് ഷെമീറിനെ കൈയേറ്റം ചെയ്തതായും പറയുന്നു. യുവതിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു. ഇതിന് ശേഷം പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. ഇരുവരെയും കോടതിയിൽ ഹാജരാക്കി. രണ്ടു പേർക്കുമെതിരേ നടപടിക്ക് സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കോട്ടയം എസ്പി കാർത്തിക് ഇതു സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

