സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വിപുലമായി നടത്തും : എഡിഎം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വിപുലമായി നടത്തുമെന്ന് എഡിഎം ബി. രാധാകൃഷ്ണൻ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് തീരുമാനം എടുക്കുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എഡിഎം.

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
പോലീസ് പ്ലാറ്റൂണുകൾ, എസ് പി സി പ്ലാറ്റൂണുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡുകൾ, ജൂനിയർ റെഡ്ക്രോസ്, എൻസിസി, ബാൻഡ്സെറ്റ് എന്നിവ ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡറിനായിരിക്കും. കോഴഞ്ചേരി തഹസിൽദാർ, പത്തനംതിട്ട വില്ലേജ് ഓഫീസർ, പത്തനംതിട്ട നഗരസഭ സെക്രട്ടറി എന്നിവർക്കാണ് ഏകോപന ചുമതല. പന്തൽ, സ്റ്റേജ് എന്നിവ പിഡബ്ല്യുഡി കെട്ടിടവിഭാഗം ഒരുക്കും. ലൈറ്റ്, സൗണ്ട് എന്നിവ പിഡബ്ല്യുഡി ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗം ഒരുക്കും. 10, 11 തീയതികളിൽ ഉച്ചക്ക് മൂന്നിന് പരേഡ് റിഹേഴ്സലും 12 ന് രാവിലെ എട്ടിന് ഫൈനൽ റിഹേഴ്സലും നടക്കും.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കി തുണി, പേപ്പർ എന്നിവയിൽ നിർമിച്ച ദേശീയ പതാകകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പൊതുജനങ്ങൾ ആഘോഷത്തിനു ശേഷം ദേശീയ പതാക വലിച്ചെറിയാതെ ദേശീയപതാകയുടെ മഹത്വത്തിന് അനുയോജ്യമായ തരത്തിൽ സൂക്ഷിച്ചു വയ്ക്കണമെന്ന് എഡിഎം പറഞ്ഞു.

പത്തനംതിട്ട എആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, റാന്നി ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ആർഎഫ്ഒ സി.പി. പ്രദീപ്, പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബിപിൻ, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ജി കൃഷ്ണൻ, പത്തനംതിട്ട ഡി.ഇ.ഒ പി.ആർ.ഷീലാകുമാരി അമ്മ, ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രദീപ് ചന്ദ്രൻ, ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ സി. പ്രവീൺ കുമാർ, സ്‌കൗട്ട് ആൻഡ് ഗൈഡസ് ജില്ലാ ട്രയിനിംഗ് കമ്മീഷണർ കെ.ബി.ലാൽ, പത്തനംതിട്ട വില്ലേജ് ഓഫീസർ സി.കെ. ബിജു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *