എന്റെ വീട് ആര് ശരിയാക്കുമെന്ന് ബിജു ; പോലീസ് കുഴിച്ച കുഴി ചർച്ചയാകുമ്പോൾ

Kerala Pathanamthitta

അടൂര്‍: ‘പരുത്തിപ്പാറ കൊലക്കേസ്’  ശുഭപര്യവസായി ആയെങ്കിലും  പൊലീസിന് ആശ്വസിക്കാറായിട്ടില്ല. രണ്ടു പേര്‍ അവര്‍ക്ക് മുകളില്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ തൂങ്ങുന്നു. അതിലൊരാള്‍ കഥാനായിക അഫ്‌സാനയാണെങ്കില്‍ മറ്റൊന്ന് പരുത്തിപ്പാറയില്‍ ‘മൃതദേഹം’ കുഴിച്ചിട്ട വീടിന്റെ ഉടമ ബിജുവാണ്. ഇവരുടെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്തുള്ളത്. ഇരുവരും പൊലീസ് അതിക്രമത്തിനെതിരേ കോടതിയെ സമീപിച്ചാല്‍ പൊലീസ് കുടുങ്ങും. കാരണം ഒരു നിയമക്രമവും പാലിക്കാതെയാണ് പൊലീസ് നടപടി എടുത്തത്. വീടും പറമ്പും കുഴിക്കുന്നതിന് മുന്‍പ് അനുമതി വാങ്ങിയിരുന്നില്ല.

വീടിന്റെ രണ്ടു മുറികള്‍ കുഴിക്കുകയും സെപ്ടിക് ടാങ്ക്  തുറന്നു പരിശോധിക്കുകയും ചെയ്തതിലൂടെ തനിക്കുണ്ടായ ദുരിതം വീടിന്റെ ഉടമ പരുത്തിപ്പാറ പാലമുറ്റത്ത്
ബിജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആകെയുള്ള സമ്പാദ്യമാണ് വീട്. നാലു മുറികളാണ് ആകെയുള്ള. അതില്‍ മൂന്നിലും  പൊലീസ് പരിശോധന നടത്തി. അടുക്കളയും മുറികളും കുഴിച്ച് കുളം തോണ്ടി. വീട് താമസയോഗ്യം  അല്ലാതായി. അടുക്കള ഇനി ഉപയോഗിക്കാന്‍ കൊളളില്ല. മാലിന്യം നിക്ഷേപിക്കാനുള്ള കുഴി തുറന്നത് മൂടിയില്ല. സെപ്ടിക് ടാങ്ക് തുറന്നതോടെ അസഹ്യമായ ദുര്‍ഗന്ധമാണ്. അയല്‍ വീട്ടുകാര്‍ക്ക് പോലും ദുര്‍ഗന്ധം കാരണം ഇരിക്കപ്പൊറുതിയില്ല.

ടാപ്പിങ് തൊഴിലാളിയാണ് ബിജു. അതില്‍ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനമാണ് ഏക ജീവിത മാര്‍ഗം.  ഒന്നര വര്‍ഷം മുന്‍പ് നൗഷാദ്-അഫ്‌സാന ദമ്പതികള്‍ക്ക് വീട് വാടകയ്ക്ക് കൊടുത്തത് പോലും ജീവിക്കാനുള്ള വഴി തേടിയാണ്. നാല് മുറിയും അടുക്കളയും ഉള്ള വീടിന്റെ ഒരു ഭാഗം നൗഷാദിന് 1500 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. ശേഷിച്ച ഭാഗത്ത് ബിജുവും താമസിച്ചു. മൂന്ന് മാസം താമസിച്ചിട്ടും നൗഷാദ് ഒറ്റപ്പൈസ പോലും വാടക ഇനത്തില്‍  തന്നില്ല. ഇനി എന്റെ വീട് ആര് ശരിയാക്കി തരും എന്നാണ് ബിജുവിന്റെ ചോദ്യം. ഇതിനായി മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കളലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരെ  സമീപിക്കാണ് ബിജുവിന്റെ നീക്കം.

അഫ്‌സാന കോടതിയെ സമീപിച്ചാലും പൊലീസിന് പണി കിട്ടും. നിലവില്‍ അട്ടക്കുളങ്ങരയില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള അഫ്‌സാനയ്ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ഇന്ന് അവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. പൊലീസ് എതിര്‍ക്കാത്തതിനാല്‍ ജാമ്യവും ലഭിക്കും. ഇനി പോലീസ് അതിക്രമത്തിനെതിരേ അവര്‍ കോടതിയെ സമീപിച്ചാലാണ് പണി പാളുക. കാരണം, നൗഷാദ് ജീവനോടെ മടങ്ങി വന്നതോടെ അഫ്‌സാന പറഞ്ഞ മൊഴി ശരിയാകും. അടൂര്‍ ടൗണില്‍ വച്ച് നൗഷാദിനെ കണ്ടുവെന്നാണ് അഫ്‌സാന കൂടല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്. വനിതാ എസ്‌ഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ്  കൊന്ന് കുഴിച്ചു മൂടിയെന്ന് പരസ്പര വിരുദ്ധമായി മൊഴി കൊടുത്തത്.  നൗഷാദ് ജീവനോടെയുള്ള സാഹചര്യത്തില്‍ അവരുടെ മൊഴിയുടെ ആദ്യഘട്ടം  ശരിയായി. സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചുവെന്ന് അഫ്‌സാന പറഞ്ഞാല്‍ പൊലീസ് വെട്ടിലാകും. മറിച്ചല്ലെന്ന് തെളിയിക്കാന്‍ ഏറെ പാടുപെടും.  പ്രതിയാക്കി ചിത്രീകരിച്ചതിനും റിമാന്‍ഡില്‍ അയച്ചതിനുമെല്ലാം പോലീസ് വിശദീകരണം  നല്‍കേണ്ടി വരും. കൂടല്‍ പൊലീസ് ആകെ വലഞ്ഞിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ തെറ്റെന്ന് ആര്‍ക്കും മനസിലാകുന്ന ഒരാളുടെ മൊഴി പ്രകാരം നാടിളക്കിയതാണ് വിനയായിരിക്കുന്നത്. ഒരു അനുവാദവും വാങ്ങാതെ പരുത്തിപ്പാറയിലെ വീട് കുഴിച്ചതും അബദ്ധമായി.  തിടുക്കപ്പെട്ടുള്ള നടപടികളെല്ലാം  പൊലീസിനെ കുഴിയില്‍ വീഴ്ത്തിയിരിക്കുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *