അയിരൂർ – ദേവേന്ദ്രന്റെ ക്ഷണമനുസരിച്ച് സ്വർഗ്ഗം കാണാൻ ചെന്ന അർജ്ജുനനോട് ദേവസുന്ദരി ഉർവ്വശി നടത്തുന്ന പ്രണയാഭ്യർത്ഥനയാണ് അഞ്ചാംദിവസത്തെ കഥകളി ചൊല്ലിയാട്ടക്കളരിയിൽ അവതരിപ്പിച്ചത്. കോട്ടയത്തു തമ്പുരാന്റെ കാലകേയവധം ആട്ടക്കഥയിലെ സ്മരസായക ദൂനാം……എന്ന ഉർവ്വശിയുടെ പദമാണ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ചൊല്ലിയാടിച്ചത്. കാമോദരി രാഗത്തിൽ ചിട്ടപ്പെടുത്തിയ പദം കലാമണ്ഡലം വിഷ്ണുമോനും കലാമണ്ഡലം അനന്തുവും ചേർന്ന് അവതരിപ്പിച്ചു.തുടർന്ന് കിർമ്മീരവധത്തിലെ ലളിത – പാഞ്ചാലി രംഗവും ചൊല്ലിയാടി.
കലാമണ്ഡലം കൃഷ്ണകുമാർ,നാട്യഭാരതി ആദിത്യൻ ( സംഗീതം),കലാമണ്ഡലം ഹരികൃഷ്ണൻ ( വേഷം),ആർ.എൽ.വിഗൌതം ( മദ്ദളം),ആർ.എൽ.വി.മഹാദേവൻ ( ചെണ്ട) എന്നിവർ പങ്കെടുത്തു.
ചൊല്ലിയാട്ടക്കളരിയിൽ ഇന്ന് ( 29.07.2023) കല്യാണസൌഗന്ധികം
കല്യാണസൌഗന്ധികം ആട്ടക്കഥയിലെ ശൌര്യഗുണം ഇന്ന് അവതരിപ്പിക്കും.ആസന്നമായ മഹാഭാരത യുദ്ധത്തിൽ ദുശ്ശാസനനെ എങ്ങനെയാണ് വയറ് കീറി കുടൽ മാല എടുത്ത് തോളിൽ അണിയുന്നത് എന്ന് ഭീമസേനൻ ജേഷ്ഠൻ ധർമ്മപുത്രർക്ക് കാണിച്ചു കൊടുക്കുന്ന രംഗമാണ് ശൌര്യഗുണമെന്ന പേരിൽ അറിയപ്പെടുന്നത്.സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഈ രംഗം പ്രത്യേകമായി അവതരിപ്പിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന കാലകേയവധം അർജ്ജുനന്റെ ” സലജ്ജോഹം…” ചൊല്ലിയാട്ടത്തോടു കൂടി കളരി പരിശീലനം സമാപിക്കും


