ഓണസമ്മാനമായി കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി

India Kerala
Print Friendly, PDF & Email

ന്യൂഡൽഹി : കേരളത്തിന് പുതിയ ഒരു വന്ദേഭാരത് ട്രെയിൻ കൂടി. ഓണത്തിനോടനുബന്ധിച്ച് മലയാളികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ സമ്മാനം കൂടിയാണ് ഇതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു .. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ തിരുവനന്തപുരം – കാസർകോട് റൂട്ടിലാണ് കേരളത്തിലെ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. ജനങ്ങൾക്കിടയിൽ വന്ദേഭാരത് ഹിറ്റായതോടെയാണ് രണ്ടാമതൊന്നുകൂടി ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമായിട്ടുണ്ട്. കാസർഗോഡ് വരെയുള്ളത് മംഗലാപുരം വരെ നീട്ടണമെന്ന ആവിശ്യവും ഉണ്ട്.

എന്നാൽ പുതിയ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് ഏതാണെന്നും പുതിയതായി നിർമിച്ച ട്രെയിൻ ആണോയെന്നത് സംബന്ധിച്ചും വ്യക്തമല്ല. ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ നിർമ്മിത സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ 28ാമത് തീവണ്ടി കാവി നിറത്തിലായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. കാവിനിറത്തിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഇതുവരെ ഓടിതുടങ്ങിയിട്ടില്ല. വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ 25 സർവിസുകളാണ് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ട്രെയിനിന് നിറം മാറ്റിയത്.

രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസാണ് കേരളത്തിലേത്. ഈ സാഹചര്യത്തിൽ രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിൻകൂടി സംസ്ഥാനത്തിന് അനുവദിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *