പത്തനംതിട്ട: സേഫ് ടു ഈറ്റ് ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി. എട്ടു ഹോട്ടലുകളിലാണ് പരിശോധന നടന്നത്. റിങ് റോഡില്‍ വെട്ടിപ്പുറത്തുള്ള ജമാലിസ് ഹോട്ടലില്‍ നിന്നും ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടാക്കിയിരുന്ന 30 ലിറ്ററോളം പഴകിയ എണ്ണ പിടിച്ചെടുത്തു. മൂന്നു കിലോ പഴകിയ ചിക്കന്‍ ഫ്രൈയും എടുത്തിട്ടുണ്ട്.
സമീപമുള്ള ഖലീല റസ്‌റ്റോറന്റില്‍ നിന്നും പഴകിയ എണ്ണ പിടികൂടി. കുമ്പഴയിലുള്ള ഹില്‍സ് പാര്‍ക്ക് റസ്‌റ്റോറന്റിന്റെ ഫ്രീസറില്‍ വൃത്തിഹീനമായി സൂക്ഷിച്ചിരുന്നതും പഴക്കമുള്ളതുമായ10 കിലോ കോഴിയിറച്ചിയും രണ്ടു കിലോ മാട്ടിറച്ചിയും പരിശോധനയില്‍ കണ്ടെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ വിനോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപു രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

