Pathanamthitta
Print Friendly, PDF & Email

*പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം.

** സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്.
*

*മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം.
** ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുത്.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ജില്ലയില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്‍മുള നിയോജക മണ്ഡലത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. ഡെങ്കി പനി, എലിപ്പനി തുടങ്ങിയവ തടയാന്‍ ഉറവിട നശീകരണത്തോടൊപ്പം ഫോഗിംഗും ശുചീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തണം. വെള്ളിയാഴ്ച്ച സ്‌കൂളുകളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈഡേ ആയി ആചരിക്കണം. പഞ്ചായത്ത് തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാട്സാപ്പ് കൂട്ടായ്മകളിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും രോഗപ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സന്ദേശങ്ങളും, ചിത്രങ്ങളും പ്രചരിപ്പിക്കുകയും ചെയ്യണം.
മണ്ണിലും ചെളിയിലും പണിയെടുക്കുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ക്ഷീര കര്‍ഷകര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ഡോക്സിസൈക്ലിന്‍ ഗുളിക കൃത്യമായി കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈയുറകളും കാലുറകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍  ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വം സംബന്ധിച്ച് പരിശോധന നടത്തണം. തദ്ദേശസ്ഥാപന തലത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയര്‍മാന്റെയോ, പ്രസിഡന്റിന്റെയോ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രതിരോധ മാര്‍ഗങ്ങളെയും ശുചീകരണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് അവലോകനയോഗങ്ങള്‍ ചേരണം. വാര്‍ഡ് തലത്തില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ ജാഗ്രതാ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തണം.
സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്. മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ് റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഉറപ്പാക്കിയിട്ടുണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവു. ഹോട്ട്സ്പോട്ടുകള്‍ കൃത്യമായി മനസിലാക്കി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. കുട്ടികള്‍ക്കിടയിലുള്ള ഇന്‍ഫ്‌ളുവന്‍സയെ തടയുന്നതിന് ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്ന് രോഗം വരാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്ത് തലത്തില്‍ അലോകന യോഗങ്ങള്‍ സംഘടിപ്പിക്കണം. ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകള്‍, ഹരിതകര്‍മസേന, എന്നിവരുടെ സേവനം ഉറപ്പു വരുത്തണം. ജൂലൈ ആദ്യവാരത്തില്‍ ആരംഭിക്കുന്ന ഗ്രാമസഭകളില്‍ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളും, രോഗപ്രതിരോധവും പ്രാധാന അജണ്ടയായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു
യോഗത്തില്‍ പത്തനംതിട്ട നഗരസഭ, കടമനിട്ട, കോയിപ്രം, ആറന്‍മുള, ഓമല്ലൂര്‍, മെഴുവേലി, തോട്ടപുഴശേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓതറ, കോഴഞ്ചേരി, കുളനട, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളിലെ  ശുചീകരണ, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ആറന്മുള മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ഡോക്ടര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *