പത്തനംതിട്ട: മല്ലപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി ഡോ. സജി ചാക്കോ അറിയിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനു ശേഷം തന്നെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് ഡി.സി.സി നേതൃത്വത്തെ ആജ്ഞാനുവർത്തിയാക്കി ചിലർ പകപോക്കൽ നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്ക് തെരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് നിർദേശിച്ച പാനൽ അപ്പാടെ അംഗീകരിച്ചില്ല എന്നതാണ് പ്രധാന കാരണം. ഡി.സി.സി പ്രസിഡന്റ് നിർദേശിച്ച പാനലിലെ ഒരംഗം സ്ഥാനാർഥിയാകാൻ തയാറാകാത്തതു കാരണം നോമിനേഷൻ നൽകിയവരിൽ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് യാഥാർഥ്യം. സഹകരണ നിയമപ്രകാരം ജനാധിപത്യ രീതിയിൽ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് കോൺഗ്രസിലെ തലമുതിർന്ന നേതാവിനും പിടിച്ചില്ല. അന്നു മുതൽ പല തരത്തിൽ ഈ നേതാവ് തന്നോട് പകപോക്കലായിരുന്നു. ഇപ്പോൾ അവിശ്വാസത്തിന് നോട്ടീസ് നൽകുകയും ചെയ്തു. പാർട്ടി തീരുമാനം ലംഘിച്ചുവെന്ന് പറഞ്ഞാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ പാർട്ടി നിർദ്ദേശം ലംഘിച്ച് വൈസ് പ്രസിഡന്റായ സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ടു ചെയ്ത കോൺഗ്രസ് അംഗങ്ങളെയും പുറത്താക്കിയില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇപ്പോൾ അവിശ്വാസത്തിനു നോട്ടീസ് നൽകുവാൻ തീരുമാനിച്ചത് കോൺഗ്രസിന്റെ ഏതു കമ്മറ്റി തീരുമാന പ്രകാരമാണന്നും ആർക്കും അറിയില്ല. ചിലർ ഒരുക്കിയ കെണിയിൽ ഭരണസമിതി അംഗങ്ങൾ വീണുപോയിരിക്കുന്നു. പകപോക്കലിനപ്പുറം എന്ത് കാരണം കൊണ്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളതെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കണം.
അടൂർ കാർഷിക വികസന ബാങ്കിൽ അഞ്ചു പേർക്കെതിരെ നടപടിയെടുത്തപ്പോൾ മല്ലപ്പള്ളിയിൽ തനിക്കെതിരെ മാത്രം നടപടി എടുത്തത് എന്തുകൊണ്ടാണ്?. നിരവധി സഹകരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സി.പി.എം പ്രതിനിധികളെ കൂട്ടി കോൺഗ്രസ് ഭരണം പങ്കിടുമ്പോൾ അവർക്കെതിരെ നടപടിയില്ല. പുറമറ്റം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാനൽ പോലും ഇല്ലായിരുന്നു. കവിയൂർ പഞ്ചായത്തിൽ ബി.ജെ.പി ഭരണം തുടരുന്നതിന് ഒത്താശ നൽകുന്ന കോൺഗ്രസ് അംഗങ്ങൾക്കെതിരെയും നടപടി ഇല്ല. ഇതിനൊക്കെ മറുപടി നൽകുവാൻ കെൽപ്പുള്ള ഒരു നേതൃത്വം ജില്ലയിൽ ഇല്ലെന്നും സജി ചാക്കോ പറഞ്ഞു.
തന്നെ പാർട്ടിയിൽ തിരിച്ചെടുക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടതാണ്.
തിരിച്ചെടുക്കുമെന്ന് നേതാക്കൾ ഉറപ്പും നൽകിയതാണ്. തന്നെ പോലെ നിരവധി നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്ത് ചാടിച്ചു കൊണ്ടിരിക്കുകയാണ്. അവരെയൈല്ലാം കൂട്ടിേയാജിപ്പിച്ച് ഇപ്പോഴത്ത കോൺഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനത്തിനെതിരെ തിരുത്തൽ ശക്തിയായി പ്രവർത്തിക്കുമെന്നും സജി ചാക്കോ പറഞ്ഞു.
സജി ചാക്കോയ്ക്ക് രാജി വയ്‌ക്കേണ്ടിവന്നത്
പാർട്ടി വിരുദ്ധ പ്രവർത്തനം മൂലം: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട: മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കെ.പി.സി.സിയുടെയും രേഖാമൂലമുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സജി ചാക്കോയെ കെ.പി.സിസി പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡി.സി.സി അംഗീകരിച്ചു നൽകിയ പാനൽ വ്യത്യാസപ്പെടുത്തി സി.പി.എം നേതാവിനെ ഭരണ സമിതി അംഗമാക്കി തിരുകി കയറ്റിയതിനാണ് മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും ശിപാർശ പ്രകാരം അച്ചടക്ക നടപടി എടുത്തത്.
പാർട്ടി തീരുമാനം പരസ്യമായി വെല്ലുവിളിച്ചാണ് സജി ചാക്കോ സി.പി.എം നേതാവിനെ പുറംവാതിലിലൂടെ ഭരണസമിതി അംഗമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി രേഖാമൂലം നൽകിയ നിർദ്ദേശം സജി ചാക്കോ ലംഘിച്ചു. തുടർന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജി ചാക്കോ രാജി വയ്ക്കണമെന്ന കെ.പി.സി.സി നിർദ്ദേശവും അനുസരിച്ചില്ല. ഇത്തരം ഗുരുതരമായ അച്ചടക്കലംഘനങ്ങളാണ് സജി ചാക്കോ സ്വീകരിച്ചത്. ഏറ്റവും അവസാനം സംസ്ഥാന തലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ബാങ്കിൽ നിന്നും പ്രതിനിധിയെ തെരഞ്ഞെടുക്കാതെ എൽ.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സജി ചാക്കോ സ്വീകരിച്ചത്.
ബാങ്കിലെ ഒരു കോൺഗ്രസ് ഭരണസമിതി അംഗം ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയതിന് ശേഷമാണ് കേന്ദ്ര ബാങ്ക് പ്രതിനിധിയെ തിരഞ്ഞെടുത്തത്. പാർട്ടി എടുത്ത അച്ചടക്ക നടപടിക്ക് ശേഷം നാളിതുവരെ കെ.പി.സി.സി നിർദേശ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വച്ച് തെറ്റ് തിരുത്തുവാൻ സജി ചാക്കോ തയാറായിട്ടില്ലാത്താണ്. നിരവധി അവസരങ്ങൾ നൽകിയിട്ടും അതൊക്കെ അവഗണിച്ച് പാർട്ടി നേതൃത്വത്തെ സജി ചാക്കോ അവഹേളിക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് നിരവധി സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് സജി ചാക്കോ.
തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചതിനു ശേഷമാണ് പാർട്ടിക്കെതിരേയും ഡി.സി.സിക്കെതിരേയും അസത്യ
പ്രചരണങ്ങളുമായി സജി ചക്കോ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ചെയ്തികൾ
കൊണ്ടാണ് സജി ചാക്കോയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജി വച്ച് പുറത്തു
പോകേണ്ടി വന്നത്. ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും അവിശ്വാസത്തെ പിൻതുണക്കുമെന്ന് മനസ്സിലാക്കിയാണ് സജി ചാക്കോ അവസാന നിമിഷം രാജി വച്ചതെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

