കൗശൽ കേന്ദ്രത്തിൻറെ നിർമ്മാണ ഉദ്ഘാടനം കോന്നിയിൽ നടന്നു

Kerala Pathanamthitta

കോന്നി – തൊഴിൽ രംഗത്തും മറ്റും സുപ്രധാന മേഖലകളിലും കോന്നിയിലെ കുട്ടികളെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ കഴിയുന്ന സുപ്രധാനമായ ചുവടുവയ്പ്പാണ് കൗശൽ കേന്ദ്രത്തിന്റെ നിർമാണത്തിലൂടേ യാഥാർഥ്യമാകുന്നതെന്ന് എന്ന് അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു.

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ കോന്നി എലിയറക്കലിൽ ആരംഭിക്കുന്ന കൗശൽ കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.
സംസ്ഥാനത്തെ അഞ്ചാമത്തെ കൗശൽ കേന്ദ്രമാണ് കോന്നിയിൽ ഒരുങ്ങുന്നത്. ലോകപ്രശസ്ത സർവകലാശാലകളിലെ പാഠ്യപദ്ധതികൾ കോർത്തിണക്കികൊണ്ടുള്ള നാല് കോഴ്‌സുകളാണ് ആരംഭഘട്ടത്തിൽ കേന്ദ്രത്തിൽ നൽകുന്നത്.

അഭിരുചിക്കനുസരിച്ച് കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള മികച്ച കരിയർ സെൽ, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ പരിശീലന കേന്ദ്രം എന്നീ സജ്ജീകരണങ്ങൾ ഒരുക്കും. വിദ്യാർഥികൾക്ക് മത്സര പരീക്ഷകൾ, ഓൺലൈൻ ആപ്ലിക്കേഷനുകൾ, വിദ്യാഭ്യാസ വായ്പകൾ, സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ എന്നിവയുടെ വിവരങ്ങളും ഇവിടെ ലഭ്യമാകും. സാധാരണക്കാരുടെ മക്കൾക്ക് ലോകത്തിന്റെ ഏതു കോണിലും വിദ്യാഭ്യാസവും തൊഴിലും ചെയ്യാനുള്ള സാഹചര്യം ഒരുക്കും.
അങ്കണവാടികൾ മുതൽ സിവിൽ സർവീസ് അക്കാദമി വരെ കോന്നിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഒരു എഡ്യൂക്കേഷൻ ഹബ് ആയി കോന്നിയെ മാറ്റുന്നതിന് ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് കൗശൽ കേന്ദ്രത്തിന്റെ വരവ് ഏറെ ഗുണകരമാകും. രണ്ട് മാസത്തിനുള്ളിൽ, ത്വരിതഗതിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി, ഉദ്യോഗാർഥികൾക്കായി കേന്ദ്രം തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.

കോന്നിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന സംരംഭമാണ് കൗശൽ കേന്ദ്രത്തിന്റെ നിർമാണം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടറും ജില്ലാ സ്‌കിൽ കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ.എസ്.അയ്യർ പറഞ്ഞു. വിദ്യാർഥികളും ഉദ്യോഗാർഥികളും ആർജിക്കുന്ന അറിവും നൈപുണ്യവും ഏതു വിധത്തിലാണ് ലോകത്തിന് സംഭാവന ചെയ്യുന്നത് എന്നതിലാണ് പദ്ധതിയുടെ വിജയം. ജീവിതത്തിന്റെ ഓരോ കർമമേഖലയിലും സ്വായത്തമാക്കേണ്ട കഴിവുകൾ നേടിയെടുക്കാനുള്ള സുവർണ്ണാവസരമാണ് ഇവിടെ ഒരുങ്ങുന്നതെന്നും കളക്ടർ പറഞ്ഞു.
നൈപുണ്യ പോഷണത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകി യുവജനതയുടെ തൊഴിൽ ക്ഷമത വർധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കൗശൽ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി. വി വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, കേസ് മാനേജർ ഓപ്പറേഷൻസ് സുബിൻ ദാസ്, സ്‌കൂൾ, കോളജ് വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *