ജില്ലാതല അക്കാദമിക്ക് കൗൺസിൽ രൂപികരിക്കും : കളക്ടർ

Pathanamthitta

പത്തനംതിട്ട – ജില്ലയിലെ വിദ്യാർഥികളുടെ പഠന നിലവാരത്തെ സസൂക്ഷമം വിലയിരുത്തുന്നതിനും പഠന രീതികൾ മനസ്സിലാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ ന്യൂനതകൾ പരിഹരിക്കുന്നതിനും ജില്ലാതല അക്കാദമിക്ക് കൗൺസിൽ രൂപികരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. വിജയശതമാനം 60 ൽ കുറഞ്ഞ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രശ്‌ന പരിഹാര അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.

കൗൺസിലിന്റെ പ്രാഥമിക ലക്ഷ്യം വിജയ ശതമാനം ഉയർത്തുക എന്നത് മാത്രമല്ല വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നത് കൂടിയാണ്. പ്രാഥമിക ഘട്ടത്തിൽ തന്നെ കൃത്യമായ പഠന രീതികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് അവ പരിഹരിച്ച് മുന്നോട്ട് പോകുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണം.അധ്യാപകരും മാതാപിതാക്കളും മാത്രം വിചാരിച്ചതു കൊണ്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകില്ല. വിവിധ വകുപ്പുകളുടെയും സർക്കാരേതര സ്ഥാപനങ്ങളുടെയും ഇടപെടൽ മുന്നോടുള്ള പ്രവർത്തനങ്ങൾക്ക് ഉറപ്പുവരുത്തണം.

പത്താം ക്ലാസിനുശേഷം തിരഞ്ഞെടുക്കുന്ന വിഷയത്തെകുറിച്ച് മുൻധാരണ ലഭിക്കുന്നതിനും സ്വന്തം അഭിരുചിയെ കണ്ടെത്തുന്നതിനും ബ്രിഡ്ജ് കോഴ്സ് നൽകുന്നതിനെ കുറിച്ച് ആലോചിക്കും. സമപ്രായക്കാരോടൊത്തുള്ള പഠന അവസരങ്ങൾ ഒരുക്കുന്നതിലൂടെ പഠനം കൂടുതൽ ആകർഷകമാക്കാനും,പഠന രീതിയിൽ ന്യൂതന ആശയങ്ങൾ അവലംബിക്കുന്നതിലൂടെ മാറുന്ന ലോകത്തിന്റെ പുതിയ പ്രവണതകൾ മനസിലാക്കി കുട്ടികളുമായി അടുക്കുവാനുള്ള അവസരം ഒരുക്കുന്നതിനും സാധിക്കുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.ജില്ല കളക്ടർ ചെയർ പേഴ്സണായുള്ള കൗൺസിലിൽ സ്ഥിരം അംഗങ്ങളെ കൂടാതെ പ്രിൻസിപ്പൽമാർ , അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ,വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭർ , ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ സംഘങ്ങൾ എന്നിവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തും.

വിജയ ശതമാനത്തിൽ പിന്നിലേക്കുപോയ വിദ്യാലയങ്ങളിലെ പഠനനിലവാരം എങ്ങനെ ഉയർത്താം എന്ന വിഷയം ചർച്ച ചെയ്യുന്നതിനോടൊപ്പം ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ലഹരി ഉപയോഗം, മാതപിതാക്കളുടെ ശ്രദ്ധക്കുറവ്, ജീവിത സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അടിസ്ഥാന വിദ്യാഭ്യാസത്തിലുള്ള പോരായമകൾ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ഉന്നയിച്ച വിവിധ വിഷയങ്ങൾ യോഗം വിലയിരുത്തി .ഈ വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

എച്ച്.എസ്.എസ്. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *