വിമാന ടിക്കറ്റ് നിരക്ക് കൂടുന്നത് ഏറ്റവും കൂടുതൽ സാധാരണക്കാരെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഗൾഫിൽമാത്രം 35 ലക്ഷത്തോളം മലയാളികൾ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിദ്യാഭ്യാസത്തിനായി ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഏതാനും വർഷങ്ങളായി പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. പഴയകാലത്ത് സമ്പന്നർ മാത്രമായിരുന്നു വിമാനങ്ങളിൽ യാത്രചെയ്തിരുന്നത്. ഇന്ന് മദ്ധ്യവർഗ കുടുംബങ്ങളിലുള്ളവർ പോലും വിമാനയാത്രയ്ക്കാണ് ആദ്യ പരിഗണന നല്‌കുന്നത്. അതിനാൽ വിമാനടിക്കറ്റ് നിരക്ക് വർദ്ധിക്കുമ്പോൾ ഏറ്റവും കൂടുതൽ പോക്കറ്റ് ചോരുന്നത് മലയാളികളുടേതാണ്.
സമീപകാലത്തായി വിമാനടിക്കറ്റ് നിരക്കിൽ യാതൊരു നിയന്ത്രണവുമില്ലാത്ത കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കൂലിയിൽ 41ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും വലിയ നിരക്ക് നിലവിലുള്ളത്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ പരമാവധി നിരക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. ഇത് എടുത്തുകളഞ്ഞതോടെയാണ് തോന്നുംപടി നിരക്ക് കൂട്ടാൻ വിമാനക്കമ്പനികൾ മത്സരിക്കാൻ തുടങ്ങിയത്. അവധിക്കാലത്ത് കൂടുതൽ പേർ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്നത് കണക്കിലെടുത്ത് കുറഞ്ഞ സമയം കൊണ്ട് പരമാവധി പിഴിയുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്. ദുബായിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ 25,000 രൂപയ്ക്ക് മുകളിലായിരിക്കുകയാണ്. ചില ദിവസങ്ങളിൽ ഇത് മുപ്പതിനായിരം രൂപയ്ക്ക് മുകളിലാവാറുണ്ട്. ആഴ്ചയിൽ 1500 ലേറെ സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് പ്രവർത്തനം നിറുത്തിയതും സ്പൈസ് ജെറ്റിലെ പ്രതിസന്ധിയും സൃഷ്ടിച്ച സാഹചര്യം മുതലെടുത്താണ് മറ്റ് വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയത്. എത്രരൂപ വർദ്ധിപ്പിച്ചാലും യാത്രക്കാർക്ക് ഈ കമ്പനികളെ ആശ്രയിക്കാതിരിക്കാനാവില്ല.
ഇന്ധനവില കൂടിയതാണ് നിരക്ക് വർദ്ധനവിന് കാരണമായി വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വർഷത്തിനിടെ ഇന്ധന വിലയിൽ 76 ശതമാനം വർദ്ധനയുണ്ടായെന്ന് അവർ പറയുന്നു. വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വീണ്ടും പരിധി നിശ്ചയിക്കണം. എന്തുവന്നാലും ഒരു റൂട്ടിലെ നിരക്ക് ഇരട്ടിയോളം കൂട്ടാൻ അനുവദിക്കാൻ പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിൽ നിന്നുള്ള എം.പിമാരും മുന്നിട്ടിറങ്ങണം. വിമാനത്തിൽ യാത്രചെയ്യുന്നവരുടെ എണ്ണം കൂടുമ്പോൾ യഥാർത്ഥത്തിൽ ടിക്കറ്റ് നിരക്ക് കുറയുകയാണ് വേണ്ടത്. എന്നാൽ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്. അവധിക്കാലത്താണ് ഏറ്റവും കൂടുതൽ പേർ യാത്രചെയ്യുന്നത്. അപ്പോഴാണ് ഏറ്റവും കൂടിയ നിരക്ക് കമ്പനിക്കാർ ഈടാക്കുന്നതും. യാത്രക്കാർ ഒരു സംഘടിത വർഗമല്ലാത്തതിനാൽ അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും വരില്ലെന്ന തോന്നലും തോന്നിയപടി ടിക്കറ്റ് നിരക്ക് കൂട്ടാൻ കമ്പനികൾക്ക് ബലം പകരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

