സിൽവർലൈൻ ഹരിത പദ്ധതിയെന്ന സർക്കാർ വാദങ്ങൾ തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത്

Kerala
Print Friendly, PDF & Email

തൃശ്ശൂർ: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഇപ്പോഴും സിപിഎം പരിശ്രമം നടത്തവേ സർക്കാറിന്റെ അവകാശ വാദങ്ങൾ തള്ളി ശാസ്ത്ര സാഹിത്യ പരിഷത്ത. സിൽവർലൈൻ പദ്ധതി ആവശ്യമില്ലെന്ന നിലപാടിലാണ് പരിഷത്ത് എത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ അക്കമിട്ട് കാരണങ്ങൾ നിരത്തി കൊണ്ടാണ് പരിഷത്തിന്റെ പഠനറിപ്പോർട്ട്. പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കെ- റെയിൽപോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങൾ ഡി.പി.ആറിൽ ഇല്ലെന്നാണ് പരിഷത്ത് ചൂണ്ടിക്കാട്ടുന്ന പ്രധാന വാദം. അപൂർണമായ ഡി.പി.ആർ. തന്നെയാണ് വലിയ ന്യൂനത. ഹരിതപദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ലൈനിന്റെ ഇരുവശവും 100 മീറ്റർ സോണിൽ 12.58 ഹെക്ടർ സ്വാഭാവിക വൃക്ഷലതാദികൾ, 54.91 ഹെക്ടർ കണ്ടൽവനങ്ങൾ, 208.84 ഹെക്ടർ കൃഷിയുള്ള നെൽപ്പാടങ്ങൾ, 18.40 ഹെക്ടർ കായൽപ്രദേശം, 1172.39 ഹെക്ടർ കുളങ്ങളും ചിറകളും, 24.59 ഹെക്ടർ കാവുകൾ എന്നിവ ഇല്ലാതാവും. 1500 ഹെക്ടർ സസ്യസമ്പുഷ്ടമായ പ്രദേശങ്ങളാണ് ആകെ നഷ്ടമാവുക.

1131 ഹെക്ടർ നെൽപ്പാടങ്ങളടക്കം 3532 ഹെക്ടർ തണ്ണീർത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവും. ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 42 ജലജീവികൾ ഈ പ്രദേശങ്ങളിലായുണ്ട്. 202.96 കിലോമീറ്റർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെയുള്ള 535 കിലോമീറ്ററിൽ 292.73 കിലോമീറ്ററും രണ്ടുമീറ്റർ മുതൽ എട്ടുമീറ്റർവരെ പൊക്കമുള്ള എംബാങ്ക്മെന്റാണ് നിർദേശിച്ചിരിക്കുന്നത്. 55 ശതമാനത്തോളം എംബാങ്ക്മെന്റാണ്. മഴക്കാലത്ത് പാതയുടെ കിഴക്കുഭാഗങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. എംബാങ്ക്മെന്റ് പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയെ നേരിടുന്നതിനുള്ള ഉയർന്ന നിലവാരമുള്ള എൻജിനീയറിങ്, പരിസ്ഥിതി പുനഃസ്ഥാപന നടപടികൾ സംബന്ധിച്ച് ഡി.പി.ആറിൽ പറയുന്നില്ല.

പാതയ്ക്കുമാത്രമായി 7500-ഓളം വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും പൂർണമായും ഇല്ലാതാകും. 6,54,675 ചതുരശ്രമീറ്റർ അളവിൽ വാസമേഖലകൾ ഇല്ലാതാകും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡി.പി.ആറിൽ പറയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *