കോന്നി: ളാക്കൂർ സ്വദേശികളായ ദമ്പതികളെ കുവൈറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രമാടം ളാക്കൂർ പുത്തേത്ത് പുത്തൻ വീട്ടിൽ സൈമൺ- ലിസി ദമ്പതികളുടെ ഏക മകൻ സൈജു സൈമൺ (34), ഭാര്യ ജീന (33) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സൽമിയായിലെ താമസ സ്ഥലത്ത് സൈജുവിനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരുടെ താമസ സ്ഥലം പരിശോധിച്ചു. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ ജീനയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് ജീവനക്കാരനാണ് സൈജു. ജീന അദ്ധ്യാപികയാണ്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കുവൈറ്റിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും. സിനി, സിമി എന്നിവർ സൈജുവിന്റെ സഹോദരിമാരാണ്. എല്ലാവരും കുടുംബസമേതം കുവൈറ്റിലായിരുന്നു. പിതാവ് സൈമൺ, മാതാവ് ആലീസ്, സൈജുവിന്റെ മകൻ എന്നിവർ നാട്ടിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. മൂത്ത സഹോദരിയും ഭർത്താവും കുവൈറ്റിലുണ്ട്. സൈജുവിനും, അളിയനും വേണ്ടി ഒരു പോലെ രണ്ട് വീടുകൾ അടുത്തടുത്തായി നിർമിച്ചു വരികയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

