കോട്ടയം: വന്ദേ ഭാരത് ട്രെയിന് കോട്ടയത്ത് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി 25നു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിനായി ചെന്നൈയിൽനിന്നെത്തിച്ച ട്രെയിനാണു കോട്ടയത്ത് സ്വീകരണം നൽകിയത്. ഇന്നലെ രാവിലെ പാലക്കാട്ടുനിന്നു കോട്ടയം വഴിയാണു തിരുവനന്തപുരത്തേക്ക് ട്രെയിൻ കൊണ്ടുപോയത്. കേന്ദ്ര റെയിൽവേ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ചതാണ് വന്ദേ ഭാരത് ട്രെയിൻ. ബിജെപി പ്രവർത്തകർ കൊന്നപ്പൂക്കൾ വിതറിയാണു സ്വീകരിച്ചതെങ്കിലും കോട്ടയത്ത് ട്രെയിൻ നിർത്തിയില്ല.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. നരേന്ദ്ര മോദി സർക്കാരിൻറെ ഈദ്-വിഷു സമ്മാനമാണു വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വക്താവ് എൻ.കെ. നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ, ജനറൽ സെക്രട്ടറി എസ്. രതീഷ്, ജില്ലാ വൈസ് പ്രസിഡൻറ് കെ.പി. ഭുവനേഷ് തുടങ്ങിയവർ പങ്കെടുത്തു.


