ഞാൻ മരിച്ചാൽ അതിനുത്തരവാദി ഈ ബാങ്കുകാർ ആയിരിക്കും ; രാധാമണി ബാങ്കിന് മുന്നിൽ സമരത്തിൽ

Kerala Pathanamthitta TECH
Print Friendly, PDF & Email

തിരുവല്ല – ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ലേലത്തില്‍ പിടിച്ച എട്ട് സെന്റ് ഭൂമി സ്വന്തം പേരിലാക്കി കിട്ടാൻ പ്രത്യക്ഷ സമരവുമായി വയോധിക. 12 ലക്ഷത്തോളം രൂപ നല്‍കി ബാങ്ക് ലേലംചെയ്ത ഭൂമി വാങ്ങിയിട്ടും അത് സ്വന്തം പേരിലാക്കി കിട്ടാനായി ഒരു വർഷത്തോളമായി ബാങ്കിന്റെ ഓഫീസിലും, കോടതിയിലും ഒക്കെ കയറിയിറങ്ങിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ടി.കെ. രാധാമണിയെന്ന വയോധിക സമരവുമായി രംഗത്തെത്തിയത്. ഇരവിപേരൂരിലെ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിലാണ് പ്രതിഷേധ സമരം. ‘ലേലത്തില്‍ പിടിച്ച ഭൂമിയോ പണമോ തിരികെ തരൂ… ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി TECB മാത്രം’ എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഭൂമി ലഭ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് രാധാമണി മാധ്യമങ്ങളോടായി പറഞ്ഞു.

കഴിഞ്ഞ് വര്‍ഷം ഏപ്രില്‍ 25നാണ് രാധാമണി തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലേലത്തില്‍ വച്ച ഭൂമി പിടിച്ചത്. വിജയന്‍ എന്നയാള്‍ ബാങ്കില്‍ നിന്ന് ഭൂമി ഈടുവച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് ഭൂമി പിടിച്ചെടുത്ത് ബാങ്ക് ലേലം ചെയ്തത്. 11,48,550 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. മുഴുവന്‍ ലേല തുകയും നല്‍കിയ അന്ന് മുതല്‍ ഭൂമി തന്റെ പേരില്‍ കിട്ടുന്നതിനായി ബാങ്കില്‍ കയറിയിറങ്ങുകയാണ് രാധാമണിയും കുടുംബവും. ഇതിനിടയിൽ രാധാമണിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈ 23ന് അസുഖ ബാധിതനായി മരിക്കുകയും ചെയ്തു. ഭാര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം തീര്‍ക്കാന്‍ വഴിയില്ലാതെ നട്ടംതിരിയുകയാണ് ഇപ്പോൾ ഈ വിധവയായ വീട്ടമ്മ. നട്ടെല്ലിന് തേയ്മാനം മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ വയോധിക ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ബാങ്കില്‍ ദിവസങ്ങളോളം നടന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തിനാല്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് അടക്കം പരാതി നല്‍കി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ കോടതി വഴി നോട്ടീസ് അയച്ചു. ഇതെല്ലാം ബാങ്ക് അവഗണിക്കുകയാണ് ചെയ്യുന്നത്.

രാധാമണിക്ക് ഭൂമി ലഭ്യമാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലേലംപിടിച്ച ഭൂമിയില്‍ 85 വയസുള്ളയാളും ഭാര്യയുമാണ് താമസിക്കുന്നത്. അതിനാല്‍ ബലം പ്രയോഗിച്ച് ഇറക്കാന്‍ കഴിയില്ല എന്നും . അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നത് എന്നുമാണ് ബാങ്കിന്റെ നിലപാട്. എന്നാൽ ഹൈക്കോടതിയെ സമീപിച്ചതായോ കേസിന്റെ നമ്പറോ രേഖകളോ ഒന്നും കൈമാറാൻ ബാങ്ക് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല എന്ന് രാധാമണി പറയുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് രാധാമണി ബാങ്കിന് മുന്നില്‍ സമരം തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *