ആലപ്പുഴ : പള്ളിയിലേക്ക് വന്ന ഡിവൈഎഫ്‌ഐ നേതാവിനുനേരെ വധശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 8.30ന് വെട്ടിയാർ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തുവച്ച് ആയുധങ്ങളുമായി എത്തിയ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു.
തന്നെ ആക്രമിച്ചവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും ഷഹനാസ് വ്യക്തമാക്കി. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും പ്രതികരിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.


