കോഴിക്കോട്: കേരളത്തിന് വിഷുക്കൈനീട്ടമായി കേന്ദ്രത്തിന്റെ ഇടപെടൽ, വന്ദേഭാരത് ട്രെയിൻ. കേരളത്തിൽ സർവ്വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയിൽനിന്ന് പാലക്കാട്ടെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് തുടക്കത്തിൽ സർവീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സർവീസ് പരിഗണിക്കുന്നത്. ഏപ്രിൽ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്. രാവിലെ 11.40-ഓടെ പാലക്കാട് എത്തിയ ട്രെയിന് ബി.ജെ.പി. പ്രവർത്തകർ സ്വീകരണം നൽകി.
രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതിൽ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിൻ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സർവീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സർവീസിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊർണൂർ, തിരൂർ, ചെങ്ങന്നൂർ ഇവയിൽ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം ഡിവിഷനാണ് സർവീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സർവീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകൾ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
What do you feel about this post?
Like
Love
Happy
Haha
Sad

