അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Food

പത്തനംതിട്ട – സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവ (വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിൻ ഉദ്ഘാടനത്തിന് മുന്നോടിയായി ആറന്മുള കോളജ് ഓഫ് എൻജിനീയറിങ്ങിൽ വിദ്യാർഥിനികൾക്കായി ഹീമോ ഗ്ലോബിൻ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ്, വുമൺ സെൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. ഇതുകൂടാതെ ജില്ലയിലെ മുഴുവൻ ആശാപ്രവർത്തകർക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അനീമിയ സ്‌ക്രീനിംഗ് ആരംഭിച്ചു. പരിശോധനയിൽ അനീമിയ കണ്ടെത്തുന്നവർക്ക് തുടർചികിത്സ നൽകും.

വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം നാലിന് കണ്ണൂർ തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാൻ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതൽ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തിൽ കാണുക. പുരുഷന്മാരിൽ ഇത് 13 മുതൽ 17 വരെയും കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെയുമാണ്. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിൻ ഉണ്ടായിരിക്കണം. ഈ അളവുകളിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയിൽ നിന്നും മുക്തിനേടാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *