പത്തനംതിട്ട – സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കാമ്പയിനും ശുചീകരണ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മാലിന്യമുക്തമാക്കുകയെന്നത് പ്രധാനമാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തി തുടങ്ങി. ജില്ലയുടെ ശുചിത്വം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നിർമല ഗ്രാമം, നിർമല നഗരം , നിർമ്മല ജില്ല എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അത് പൂർണ്ണ ഫലപ്രാപ്തിയിലെത്തുന്നതോടെ പത്തനംതിട്ട മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കാമ്പയിൻ സെക്രട്ടറിയേറ്റും ജില്ലാ യൂത്ത്ടീമും പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പയിൻ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റിംഗ്റോഡ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭാ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇലന്തൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവ കേരളമിഷൻ കോർഡിനേറ്റർ അനിൽകുമാർ, ശുചിത്വമിഷൻ കോർഡിനേറ്റർ ഡോ.ബൈജു പോൾ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അജയ്, മുനിസിപ്പൽ സെക്രട്ടറി സജിത്ത്കുമാർ, കില ആർജിഎസ്എ കോർഡിനേറ്റർ ധീരജ്, ക്ലീൻസിറ്റി മാനേജർ വിനോദ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എൻ.എസ്.എസ് കോളജ് പന്തളം എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാർ, യുവജനക്ഷേമ ബോർഡ് ടീം കേരള വോളന്റിയർമാർ, കെഎസ്ഡബ്ല്യുപി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



