പത്തനംതിട്ട – പഞ്ചായത്തിലെ ദളിതനായ ജീവനക്കാരനെ വീട്ടിലെത്തി സിപിഎം നേതാക്കൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പഞ്ചായത്ത് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നു. തൊഴിലിടത്തിലെ പീഡനം ആരോപിച്ച് ദളിത് സംഘടനകൾ കൂടി സമരത്തിനിറങ്ങിയതോടെ സിപിഎം നേതാക്കളെ കാണാനേയില്ല.
ജീവനക്കാരൻ പ്രസിഡന്റിനെയും കൂട്ടരെയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി അസഭ്യം വിളിച്ചുവെന്ന കൗണ്ടർ പരാതിയുമായി സിപിഎം രംഗത്തു വന്നു. ഈ സംഭവത്തിലെ കാര്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിച്ച വൈറൽ വീഡിയോയിൽ വ്യക്തമാണ്. ഈ സംഭവം കഴിഞ്ഞ ശേഷം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണവും ഉണ്ടായി. ഇത് ആരോപണ വിധേയനായ ജീവനക്കാരനും അളിയനും ചേർന്നാണ് ചെയ്തതെന്ന് പ്രസിഡന്റിന്റെ പരാതി. ഈ സംഭവം ആയുധമാക്കി സിപിഎം സമരത്തിനൊരുങ്ങുമ്പോൾ പ്രതിരോധിക്കാനാണ് ദളിത് സംഘടനകളുടെ തീരുമാനം.
സിപിഎം ഭരിക്കുന്ന തിരുവല്ല ഇരവിപേരൂർ പഞ്ചായത്തിലാണ് കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നത്. പഞ്ചായത്തിലെ സീനിയർ എൽഡി ക്ലാർക്ക് ബിസി.കെ. ബിജുവിനെ പഞ്ചായത്ത് പ്രസിഡന്റും, സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.ബി. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ തോട്ടപ്പുഴയിലെ വാടക വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇരവിപേരൂർ ജങ്ഷനിൽ ഇറങ്ങിയാൽ നിന്നെ തീർക്കും. ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം. ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ് എന്നൊക്കെയാണ് പ്രസിഡന്റ് ശശിധരൻ പിള്ള പറയുന്നത്. ബിജുവിനെ മർദ്ദിക്കാൻ അടുത്തു നിന്ന് ഒരു വിറകുകഷണം എടുക്കുന്നതും കാണാം. പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പാക്കിയതിനാണ് ബിജു ചീത്ത വിളിക്കുന്നതെന്ന് നേതാക്കൾ പറയുന്നുണ്ട്. നേതാക്കളെ ബിജു ചീത്ത വിളിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
പഞ്ചായത്തിൽ ബിജുവിന്റെ സെക്ഷനിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ജൂനിയർ സൂപ്രണ്ട്, സ്റ്റാഫ് മീറ്റിങ് വിളിച്ച് വിഷയം ചർച്ച ചെയ്ത ശേഷം ബിജുവിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. പിന്നെ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം അപേക്ഷയുമായി വന്നവരോട് ബിജു അപമദ്യായായി പെരുമാറിയെന്ന് പറയുന്നു. ജൂനിയർ ക്ലാർക്കിനോട് തട്ടിക്കയറുകയും ചെയ്തു. വീണ്ടും സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോൾ ബിജുവിനെതിരേ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ അത്ര രസത്തിലല്ലായിരുന്നു. അതിനിടെയാണ് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ജീവനക്കാർ ബിജുവിന് പിന്തുണയുമായി ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.


