ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്റെ പ്രതിനിധി ആ വീട്ടിൽ താമസിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത് എന്നാണറിയുന്നത്. യെച്ചൂരിക്ക് സർക്കാർ നൽകിയ കാനിങ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അടക്കം ഇമെയിലുകളും പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യക്കെതിരായ ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസിന്റെ റെയ്ഡ് വ്യാപകമായി നടക്കുകയാണ്. ഡൽഹി, നോയ്ഡ, ഗസ്സിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നത്.
ചൈനയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് നടപടി പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ചിലരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. ന്യൂസ് പോർട്ടലിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിങ് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഇതിനിടെയാണ് വീണ്ടും ഡൽഹി പൊലീസ് റെയ്ഡുമായി രംഗത്തുവന്നിരിക്കുന്നത്.
സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയിയും കൈമാറിയ ഇമെയിൽ സന്ദേശങ്ങളുടെ രേഖകൾ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദുബെ പാർലമെന്റിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. അതേസമയം, ചൈനയുടെ താത്പര്യങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂസ്ക്ലിക്ക് എന്നും അവർ രാഹുൽ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്നുമായിരുന്നു കേന്ദ്ര പ്രക്ഷേപണ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആക്ഷേപം. ഈ ആരോപണങ്ങൾക്ക് പിന്നാലെ ന്യൂസ്ക്ലിക്കിന്റെ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം നെവിൽ റോയിയുടെ അനുബന്ധ സ്ഥാപനങ്ങളിൽനിന്ന് 86 കോടി രൂപയിലധികം വിദേശ ഫണ്ട് വന്നുവെന്ന കേസിൽ ഇ ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.


